ഇരിട്ടി: വയനാട്ടിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡ് പദ്ധതിയുടെ സാമൂഹിക ആഘാത പഠന വിജ്ഞാപനത്തിനായുള്ള റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചതായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ അറിയിച്ചു. സണ്ണി ജോസഫ് എം.എൽ.എ വിളിച്ച പേരാവൂർ മണ്ഡലം അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഗസറ്റ് വിജ്ഞാപനം വരുന്നതോടെ സാമൂഹികാഘാത പഠനം നടത്താനാകും. അമ്പായത്തോട് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാത പണിയുന്നതിനുള്ള അലൈൻമെന്റ് പൂർത്തിയായ സാഹചര്യത്തിലാണ് വിജ്ഞാപനത്തിന് കലക്ടർക്ക് റിപ്പോർട്ട് മർപ്പിച്ചതെന്ന് കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സജിത്ത് അറിയിച്ചു. ആറു മാസംകൊണ്ട് സാമൂഹികാഘാത പഠനം പൂർത്തിയാക്കണം. പിന്നീട് വീടും സ്ഥലവും ഏറ്റെടുക്കാനുള്ള സർവേ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കണം. തുടർന്ന് ടെൻഡർ ഘട്ടത്തിലേക്ക് കടക്കാനാകും.
കിഫ്ബി ഫണ്ടിൽനിന്ന് 2000 കോടി ചെലവഴിച്ചു പൂർത്തിയാക്കാനുദ്ദേശിച്ച പദ്ധതിയിൽ 974 കോടി രൂപയാണ് സ്ഥലമേറ്റെടുപ്പിന് പ്രതീക്ഷിക്കുന്നത്. അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ 5.76 കിലോമീറ്റർ ദൂരം 39 കോടി രൂപക്ക് നവീകരിക്കുന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതാണ്. 12 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതിന് സ്ഥലം സൗജന്യമായി ലഭിച്ചു. ബോയ്സ് ടൗൺ റോഡിൽ പാറകളും മറ്റും ഇടിഞ്ഞുവീണ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള കല്ലുകൾ പൊട്ടിച്ചു നീക്കുന്നതിനു വനംവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഇരിട്ടി-പേരാവൂർ -നെടുംപൊയിൽ റോഡ് അഞ്ചു കോടി രൂപ മുടക്കി നവീകരണം നടത്തുന്നതിനുള്ള പ്രവൃത്തി ടെൻഡർ ഘട്ടത്തിലാണ്. താലൂക്ക് ആസ്ഥാനത്തേക്ക് എത്തുന്ന മാടത്തിൽ – കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ റോഡിന്റെ പുനർനിർമാണം സി.ആർ.എഫ് ഫണ്ട് പദ്ധതിയിൽ നിർദേശിക്കും. 10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് വീതികൂട്ടി നവീകരിക്കണം. നബാർഡ് പദ്ധതിയിൽ നവീകരിക്കുന്നതിനായി കണിച്ചാർ – കാളികയം – വളയംചാൽ അടക്കാത്തോട്-ശാന്തിഗിരി, കുന്നോത്ത് – കേളൻപീടിക എന്നീ റോഡുകൾ നിർദേശിക്കും. ബജറ്റ് പദ്ധതിയിലേക്ക് കേളകം-അടക്കാത്തോട് റോഡ് സമർപ്പിക്കും. ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ എടത്തൊട്ടി-പെരുമ്പുന്ന (3.87 കോടി), വിളക്കോട്-അയ്യപ്പൻകാവ് (മൂന്നു കോടി) എന്നീ കരാർ നൽകിയ പ്രവൃത്തികൾ ഏറ്റെടുത്തവർ വിസമ്മതിച്ചതിനാൽ റീടെൻഡർ നടത്തേണ്ട സ്ഥിതിയിലേക്ക് പോകുകയാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മേഖലയിൽ 4.31 കോടി രൂപയുടെ നാലു പ്രവൃത്തികളിലായി 27 റോഡുകളുടെ അറ്റകുറ്റപ്പണി ഒരു മാസംകൊണ്ട് പൂർത്തീകരിക്കും.