പയ്യന്നൂർ: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. അച്യുതമേനോന്റെ വെങ്കല പ്രതിമയുടെ നിർമാണം പൂർത്തിയായി. സി. അച്യുത മേനോൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് പ്രതിമ സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്തേക്കുള്ള പ്രതിമ പ്രയാണം ‘സ്മൃതിയാത്ര’ വ്യാഴാഴ്ച വൈകീട്ട് നാലിന് ഗാന്ധി പാർക്കിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 3.30ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ പ്രതിമയെ സ്വീകരിച്ച് ഗാന്ധിപാർക്കിലേക്ക് ആനയിക്കും. 26ന് രാവിലെ 9.30ന് കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ യാത്രക്ക് സ്വീകരണം നൽകും.
കെ.പി. രാജേന്ദ്രൻ ലീഡറായിട്ടുള്ള സ്മൃതിയാത്രയിൽ സത്യൻ മൊകേരി ഡയറക്ടറും ടി.വി. ബാലൻ, ടി.ടി. ജീസ്മോൻ, ഇ.എസ്. ബിജിമോൾ, പി. കബീർ എന്നിവർ അംഗങ്ങളുമാണ്. 30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും. ശിൽപി ഉണ്ണി കാനായിയാണ് ഒരു വർഷമെടുത്ത് 1000 കിലോ വരുന്ന വെങ്കല പ്രതിമ നിർമിച്ചത്. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ.വി. ബാബു, കെ.വി. പത്മനാഭൻ, താവം ബാലകൃഷ്ണൻ, എൻ.പി. ഭാസ്കരൻ സംബന്ധിച്ചു.