കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് വിജിലൻസ് അന്വേഷണം.
കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി കെ.പി. അബ്ദുൽ റസാഖിനാണ് അന്വേഷണ ചുമതല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും പരിശോധിക്കും. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന പരാതി ഇ-മെയിലായി സർക്കാറിന് ലഭിച്ചിരുന്നു. തുടർന്നാണ് പരാതിയിൽ തീർപ്പ് കൽപിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്.
നവീൻ ബാബുവിന് പണം നൽകിയെന്ന ആരോപണം വസ്തുതാപരമാണോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് പണം നൽകിയെന്നാണ് ടി.വി. പ്രശാന്ത് വെളിപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് എസ്.പി പ്രശാന്തിനെ നേരിൽ കണ്ട് മൊഴിയെടുത്തിരുന്നു.
കണ്ണൂർ എ.ഡി.എം 30ന് ചുമതലയേൽക്കും
കണ്ണൂർ: നവീൻ ബാബുവിന് പകരം കണ്ണൂരിലേക്ക് സ്ഥലംമാറ്റിയ എ.ഡി.എം ഒക്ടോബർ 30ന് ചുമതലയേൽക്കും. കൊല്ലം ദേശീയപാത വിഭാഗത്തിലെ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ പത്മചന്ദ്രകുറുപ്പിനെയാണ് കണ്ണൂർ എ.ഡി.എമ്മായി നിയമിച്ചത്. ഉടൻ ചുമതലയേൽക്കാനാണ് 10 ദിവസം മുമ്പ് ഇറക്കിയ ഉത്തരവിലുള്ളതെങ്കിലും വൈകുന്നത് ചർച്ചയായിരുന്നു.