പയ്യന്നൂർ: രാമന്തളിക്ക് ഇന്നലെ കറുത്ത തിങ്കളാഴ്ചയാഴ്ചയായിരുന്നു. നാടിനെ നടുക്കിയ ദുരന്തവാർത്ത കേട്ടായിരുന്നു ഗ്രാമമുണർന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ പി.വി. ശോഭ, ടി.വി. യശോദ, ശ്രീലേഖ എന്നിവരുടെ വിയോഗ വാർത്ത നാടിനെ താങ്ങാനാവാത്ത സങ്കടക്കടലിലാക്കി. കല്ലേറ്റുംകടവിന്റെ സജീവ സാന്നിധ്യമായിരുന്ന മൂവരുടെയും വിയോഗം നോവായി തീർന്നു.
കഴിഞ്ഞദിവസം വരെ കളിയും ചിരിയും പണിയുമായി ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഇനിയില്ല എന്ന വാർത്ത സഹപ്രവർത്തകരുടെ മാത്രമല്ല ഒരു നാടിന്റെയാകെ വേദനയായി മാറി.
ഉച്ചക്ക് കാണാമെന്ന് പറഞ്ഞ് രാവിലെ പണി ആയുധങ്ങളുമായി ഇറങ്ങിപ്പോയവർ ഇനിയില്ല എന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയായിരുന്നു വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും. ഫോട്ടോയെടുത്തതിനു ശേഷം രണ്ടായി പിരിഞ്ഞാണ് തൊഴിലാളികൾ ജോലി സ്ഥലത്തേക്ക് പോയത്. ഇങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കിൽ ദുരന്ത തീവ്രത ആലോചിക്കാനാവാത്തതായിരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച ബാക്കിയായ പണി പൂർത്തിയാക്കാനാണ് ശോഭയും യശോദയും ശ്രീലേഖയും പോയത്. രാവിലെ പതിവുപോലെ ഓണപ്പറമ്പിൽനിന്ന് ഗ്രൂപ് ഫോട്ടോയെടുത്ത് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ഇരുപതോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികൾ.
ഇവരിൽ ശോഭയും യശോദയും ശ്രീലേഖയുമാണ് കഴിഞ്ഞ ദിവസം ബാക്കി വെച്ച പണി പൂർത്തിയാക്കാൻ പോയത്. പയ്യന്നൂർ റോഡിൽ ട്രാഫിക് നിയമം ലംഘിക്കാതെ പാതയുടെ വലതുവശം ചേർന്ന് നടന്നു പോകുകവെ മൂവരെയും പിറകിൽനിന്ന് പിക്അപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിന്നു. പിറകിൽ നിന്നായതിനാൽ ഒന്ന് ഓടി രക്ഷപ്പെടാനായില്ല.
ഏഴിമല ടോപ്പ് റോഡിൽനിന്ന് ജില്ലി പൊടിയുമായി ഇറക്കമിറങ്ങിയ വാഹനം നിയന്ത്രണംവിട്ട് തൊഴിലാളികളുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. ശോഭ സംഭവസ്ഥലത്തു തന്നെ മരിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു യശോദയുടെ ജീവൻ പൊലിഞ്ഞത്.
ശ്രീലേഖയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ ജീവൻ നഷ്ടപ്പെട്ടുവെന്ന ആ ദുഃഖ വാർത്തയും ഗ്രാമത്തെ തേടിയെത്തുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംഭവസ്ഥലത്തും മെഡിക്കൽ കോളജിലുമെത്തി. ടി.ഐ. മധുസൂദനൻ എം.എൽ.എ, മുൻ എം.എൽ.എ സി. കൃഷ്ണൻ, സി.പി.എം നേതാവ് വി. നാരായണൻ തുടങ്ങിയവർ മെഡിക്കൽ കോളജിലെത്തി.