ശ്രീകണ്ഠപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം. എല്ലാ സ്കൂളുകൾക്കും യൂനിഫോം തുണി ലഭ്യമാക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടും ഇക്കാര്യത്തിൽ കുട്ടികളോട് സർക്കാർ വിവേചനം തുടരുകയാണ്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂനിഫോം തുണി നൽകണമെന്നാണ് തീരുമാനം. എന്നാൽ, വർഷങ്ങളായി ഒട്ടേറെ സ്കൂളുകൾക്ക് സ്ഥിരമായി തുണി ലഭ്യമാക്കുമ്പോൾ ഭൂരിഭാഗം സ്കൂളുകൾക്കും തുണി നൽകാറില്ലെന്നതാണ് യാഥാർഥ്യം. സ്കൂളുകൾ തിരഞ്ഞെടുക്കുന്ന മാനദണ്ഡവും വ്യക്തമാക്കുന്നില്ല.
തുണി ലഭിക്കാത്ത സ്കൂളുകൾക്കാണ് തുക അനുവദിക്കുക. എട്ടാം ക്ലാസ് കുട്ടികൾക്കും തുണിക്ക് പകരം പണമാണ് അനുവദിക്കുന്നത്. എന്നാൽ, മുൻ വർഷത്തെ യൂനിഫോം തുക പോലും പല സ്കൂളുകൾക്കും ഇതുവരെ അനുവദിച്ചിട്ടില്ല. സ്കൂൾ അധികൃതരാണ് കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക കൈമാറേണ്ടത്. കുട്ടികൾ പഠിച്ചിറങ്ങി പോയാലും തുക കിട്ടില്ലേയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. പാൻറും ഷർട്ടും ഉൾപ്പെടുന്ന രണ്ട് ജോഡി യൂനിഫോമിന് 400 രൂപ തുണി വാങ്ങാനും 200 രൂപ തയ്യൽ കൂലിയായും ആകെ 600 രൂപയാണ് നൽകുന്നത്. ഒരു ജോഡിയുടെ തുണി വാങ്ങാൻ പോലും ഈ തുക തികയില്ല. തുക വർധിപ്പിക്കാനോ അധ്യയന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് നൽകാനോ സർക്കാർ തയാറാവുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു.
അതിനിടെ 2025-26 അധ്യയന വർഷത്തെ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂനിഫോമിനായി സർക്കാർ കഴിഞ്ഞയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു വേണ്ടി സീനിയർ ഫിനാൻസ് ഓഫിസർ എസ്. അജികുമാർ എസ്.പി 21947/2024 ഡി.ജി.ഇ നമ്പറായി ഇറക്കിയ ഉത്തരവിൽ നവംബർ 15നകം യൂനിഫോം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
മുഴുവൻ എ.ഇ.ഒമാർക്കും ഉത്തരവ് അയച്ചിട്ടുണ്ട്. യൂനിഫോം തുണികൾ ലഭ്യമാക്കാനായി കുട്ടികളുടെ എണ്ണം (ആൺ, പെൺ തിരിച്ച്), തുണിയുടെ നിറം, മീറ്റർ എന്നിവയെല്ലാം രേഖപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കഴിഞ്ഞ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പോലും ഇതുവരെ യൂനിഫോം വാങ്ങിയ തുക നൽകിയിട്ടില്ല. ഈ അധ്യയന വർഷം തുടക്കത്തിൽ യൂനിഫോം വാങ്ങിയ കുട്ടികൾക്കും ഇതുവരെ തുക ലഭ്യമാക്കിയിട്ടില്ല. ജൂണിൽ അധ്യയന വർഷാരംഭത്തിൽ തന്നെ കുട്ടികൾ യൂനിഫോം ധരിക്കണമെന്ന് സ്കൂളുകളിൽ കർശന നിർദേശമുണ്ട്. എന്നാൽ, സർക്കാർ യൂനിഫോം തുണി നൽകാത്ത സ്കൂളിലെ കുട്ടികൾക്ക് കൃത്യസമയത്ത് നാമമാത്രമായുള്ള പണം ലഭ്യമാക്കുന്നുമില്ല. മുൻകാലങ്ങളിലടക്കം അധ്യയന വർഷം തീരാറാവുമ്പോൾ മാർച്ച് അവസാനത്തോടെയാണ് സ്കൂളുകൾക്ക് തുക അനുവദിച്ചത്. ഉടൻ തുക തിരിച്ചെടുക്കുകയും ചെയ്തു. പിന്നീട് മേയ് മാസത്തിൽ മാത്രമാണ് സ്കൂളുകളുടെ ട്രഷറി അക്കൗണ്ടിലേക്ക് തുക തിരികെ നൽകിയതെന്ന് പ്രധാനധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
പണം ലഭിക്കണമെങ്കിൽ സോഫ്റ്റ്വെയർ മുഖേന സ്കൂൾ മേധാവികൾ ഓൺലൈനായി ബിൽ തയാറാക്കി ഹാർഡ് കോപ്പി ട്രഷറിയിൽ നൽകണം. നേരത്ത യൂനിഫോം സ്വന്തം ചെലവിൽ വാങ്ങിയ കുട്ടികൾക്ക് ഇത്ര വൈകിയിട്ടും തുക ലഭ്യമാക്കാതിരിക്കുമ്പോഴാണ് അതിന് പരിഗണന നൽകാതെ സർക്കാർ അടുത്ത അധ്യയന വർഷത്തെ യൂനിഫോം തുണി വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചതെന്ന ആക്ഷേപവും ശക്തമാണ്.
യൂനിഫോമിന്റെ കാര്യത്തിൽ ഒരുവിഭാഗം വിദ്യാർഥികളോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും തുണി ലഭിക്കാത്ത കുട്ടികൾക്ക് ഉടൻ പണം അനുവദിക്കണമെന്നും കമ്പോള നിലവാരം അനുസരിച്ച് നിരക്ക് വർധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമുന്നയിച്ച് സംഘടന സർക്കാരിന് നിവേദനവും നൽകിയിട്ടുണ്ട്.