പയ്യന്നൂർ: ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവുമധികം ഇന്ധനം ലഭിച്ച മണ്ണാണ് പയ്യന്നൂർ. ചരിത്രം പൂവിട്ട മൺ തരികളിലൂടെ ഒരു തീർഥയാത്ര കൂടിയാവാം ഇവിടെയെത്തിയാൽ. ജില്ലയിലെ 10,000 കലോപാസകരായ കൗമാരക്കാർ അഞ്ചുദിവസം സംഗമിക്കുന്നത് ഈ മണ്ണിലാണ്. കലയും സാഹിത്യവും ചരിത്രവും പഠിക്കുന്ന പ്രതിഭകളേ വരൂ നമുക്ക് ചരിത്രം തൊട്ടറിയാം.
ചരിത്ര സാക്ഷിയായ വിദ്യാലയം
ആദ്യ രക്തസാക്ഷി എ. കുഞ്ഞിരാമൻ അടിയോടി അക്ഷരം പഠിച്ച വിദ്യാലയത്തിലാണ് നിങ്ങൾ എത്തുന്നത് എന്നറിയുക. ബ്രിട്ടീഷ് ജയിലിൽ ക്രൂര പീഡനത്തിനിരയാവുകയും രോഗബാധിതനായി മരിച്ചുവീഴുകയും ചെയ്ത അടിയോടിയുടെ പേരിൽ തന്നെയാണ് വിദ്യാലയവും എന്നോർക്കുക.
ഗാന്ധിയെത്തിയ മണ്ണ്
1934 ജനുവരി 12 ന് ഗാന്ധിജിയും അതേ വർഷംതന്നെ ഡോ. ബാബു രാജേന്ദ്രപ്രസാദും പയ്യന്നൂർ സന്ദർശിച്ചു. ശ്രീനാരായണ ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം സന്ദർശിച്ച ഗാന്ധിജി സന്ദർശക കുറിപ്പെഴുതുകയും വിദ്യാലയ മുറ്റത്ത് ഒരു മാവിൻ തൈ നടുകയും ചെയ്തു. മാവ് ഇന്ന് പടർന്നുപന്തലിച്ച് ഗാന്ധിമാവെന്ന പേരിൽ അറിയപ്പെടുന്നു.
സ്മൃതി മ്യൂസിയമായ തടവറ
വിദ്യാലയത്തിന് തൊട്ടുമുന്നിലാണ് ഗാന്ധി സ്മൃതി മ്യൂസിയം. പോരാളികളെ ക്രൂര മർദനത്തിനിരയാക്കിയ പൊലീസ് സ്റ്റേഷനാണ് മ്യൂസിയമാക്കിയത്.
കരിവെള്ളൂർ സമരനായകൻ എ.വി. കുഞ്ഞമ്പു ഉൾപ്പെടെയുള്ളവരുടെ രക്തം വീണ ലോക്കപ് മുറിയും ഈ സ്റ്റേഷനിലാണ്. മുനയൻകുന്ന്, കോറോം തുടങ്ങിയ നിരവധി കർഷകസമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചതും ഇവിടെയാണ്. ദേശീയ സ്വാതന്ത്യ പോരാട്ടത്തിലെ പ്രഥമ രക്തസാക്ഷി കുഞ്ഞിരാമൻ അടിയോടിയെ അറസ്റ്റ് ചെയത് കൊണ്ടുവന്ന ചരിത്ര മന്ദിരം കൂടിയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ. ഈ ചരിത്രവും അന്നത്തെ ലോക്കപ്പും അതേപടി കാണാം. ലോക്കപ്പിലെ പൊലീസ് മർദനത്തിന്റെ ചലനദൃശ്യം സിനിമ കാണും പോലെ ഇവിടെ കാണാം.
ഉപ്പു കുറുക്കിയ മണ്ണ്
1930 ൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് ദണ്ഡി കടപ്പുറത്ത് എത്തി ഗാന്ധിജി ഉപ്പു കുറുക്കി നിയമലംഘനം നടത്തിയപ്പോൾ കേരള ഗാന്ധി കെ. കേളപ്പജിയുടെ നേതൃത്വത്തിൽ ഉപ്പു കുറുക്കാനെത്തിയത് പയ്യന്നൂരിലാണ്. നഗരത്തിന് രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറി ഉളിയത്തു കടവിലെത്തിയാണ് ഉപ്പുനിയമം ലംഘിച്ചത്.
പൂർണ സ്വരാജിനായി
1928 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനത്തിലെ പ്രമേയമായ പൂർണ സ്വാരാജ് പയ്യന്നൂരിനെ ചരിത്രത്തിൽ സുപ്രധാന ഏടുകളിലാണ് അടയാളപ്പെടുത്തിയത്. ബ്രിട്ടീഷുകാർ പൂർണമായും ഇന്ത്യ വിടുക എന്ന പ്രമേയം ആദ്യമായി ഉന്നയിക്കപ്പെട്ടതും പയ്യന്നൂരിലായിരുന്നു. കലോത്സവത്തിന് പ്രധാന വേദിയായ വിദ്യാലയത്തിന് തൊട്ടടുത്ത് പൊലീസ് മൈതാനിയിലാണ് സമ്മേളനം നടന്നത്.
ഗാന്ധി പാർക്ക്
കലോത്സവത്തിന്റെ എട്ടാം വേദിയിലെത്തിയാൽ അവിടെയുള്ള മൺ തരികൾക്ക് ഏറെ കഥ പറയാനുണ്ടാവും. മുമ്പ് ഗാന്ധി മൈതാനവും ഇപ്പോൾ ഗാന്ധി പാർക്കുമായ ഇവിടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി കഥകൾ പറയാനുണ്ടാവും.
ക്വിറ്റ് ഇന്ത്യ സമര സ്തൂപം
പ്രധാന വേദിയിൽനിന്ന് നോക്കിയാൽ ക്വിറ്റ് ഇന്ത്യ സമര സ്തൂപം കാണാം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് ക്രൂരമർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മ്യൂസിയമായ പഴയ പൊലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തിലാണ് പാറാവു നിന്ന പൊലീസിന്റെ കണ്ണുവെട്ടിച്ച് മൂന്ന് പോരാളികൾ ബ്രിട്ടീഷ് പതാക അഴിച്ചുമാറ്റി ത്രിവർണ പതാക പാറിച്ചത്.
ഗാന്ധിയുണ്ടിവിടെ
പയ്യന്നൂരിന് ഒരു ഗാന്ധിയുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ച അടിമുടി ഗാന്ധിയനായ വി.പി. അപ്പുക്കുട്ട പൊതുവാൾ. പയ്യന്നൂർ തായിനേരിയിലെ വീട്ടിൽ പോയാൽ ഖാദിയും ഗാന്ധിയും സമന്വയിക്കുന്ന പൊതുവാളെ കാണാം. നൂറ്റി ഒന്നിന്റെ നിറവിലും യൗവനത്തിന്റെ പ്രസരിപ്പോടെ പൊതുവേദികളിലെത്തുന്ന പയ്യന്നൂരിന്റെ സുകൃതം കണ്ട് മടങ്ങാം.
ആദ്യ അധിനിവേശ വിരുദ്ധ പോരാട്ടം നടന്ന ഭൂമി കാണണ്ടേ?
എ.ഡി. പതിനാറാം നൂറ്റാണ്ടിൽ പറങ്കികളും മുസ് ലിം പോരാളികളും തമ്മിൽ പോരാട്ടം നടന്ന സ്ഥലം ഇതാ ഇവിടെയാണ്. പഴയ ബസ്റ്റാൻഡിൽ രാമന്തളി യിലേക്കുള്ള ബസ് കയറി വടക്കുമ്പാട്ട് ഇറങ്ങി അൽപം മുമ്പോട്ടു നടന്നാൽ കോട്ടപ്പറമ്പിലെത്തും. പറങ്കികൾ കോട്ട കെട്ടിയ സ്ഥലമാണ് കോട്ടപ്പറമ്പ്. ഇവിടെ വെച്ചാണ് പറങ്കി പോരാളികളാട് ഏറ്റുമുട്ടി 17 മുസ് ലിം പോരാളികൾ മരിച്ചുവീണത്. ആദ്യ അധിനിവേശ വിരുദ്ധ പോരാട്ടം. 17 ശുഹദാ മഖാം ഈ ചരിത്രം പറയും. ഇവിടെ അവർ ഉപയോഗിച്ച ആയുധങ്ങളും കാണാം.
ശ്രീനാരായണ വിദ്യാലയം
ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥർ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം മറ്റൊരു ചരിത്ര സ്ഥലിയാണ്. ദലിത് വിദ്യാർഥികളെ പാർപ്പിച്ച് വിദ്യഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് സ്വാമി വിദ്യാലയം സ്ഥാപിച്ചത്.