ചെറുപുഴ: പഞ്ചായത്ത് അതിര്‍ത്തിയില്‍ കേരളത്തിന്റെ അധീനതയിലുള്ള കാര്യങ്കോട് പുഴയിലേക്ക് കടന്ന് കര്‍ണാടക വനംവകുപ്പ് അതിരുകള്‍ സൂചിപ്പിക്കുന്ന ‘പാറ മാർക്ക്’ സ്ഥാപിച്ചതിനു പിന്നാലെ റവന്യൂ വകുപ്പിന്റെ ഇടപെടല്‍. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധനക്കെത്തി. ആറാട്ട്കടവ്, ഇടവരമ്പ പ്രദേശങ്ങളിലാണ് പയ്യന്നൂര്‍ തഹസിദാര്‍ ടി. മനോഹരന്, പുളിങ്ങോം വില്ലേജ് ഓഫിസര്‍ കെ.എസ്. വിനോദ്കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.ഇ. ഷറഫുദ്ദീൻ, മനോജ് പി. മാമന്, എം. വിഷ്ണു എന്നിവര്‍ പരിശോധനക്കെത്തിയത്.
അതിര്‍ത്തി മറികടന്ന് പുഴയില്‍ കര്‍ണാടക മാര്‍ക്ക് ചെയ്ത പാറകള്‍ സംഘം പരിശോധിച്ചു. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് കര്‍ണാടക വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നല്‍കിയിരുന്നു.
50 വര്‍ഷത്തിലധികമായി മലയാളികള്‍ കൈവശംവെച്ച് താമസിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്ന ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഇത് വിവാദമായതോടെ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ടി.ഐ. മധുസൂദനന് എം.എല്‍.എ എന്നിവര്‍ ഇടപെടുകയും തുടര്‍നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂരേഖകളുമായി പരിശോധനക്കെത്തിയെങ്കിലും കര്‍ണാടക വനംവകുപ്പ് ജീവനക്കാര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഭൂരേഖ സംബന്ധിച്ച് സംയുക്ത സര്‍വേ നടത്തിയാല്‍ സഹകരിക്കാമെന്ന നിലപാടിലായിരുന്നു കര്‍ണാടക വനംവകുപ്പ്. എന്നാല്‍, സംയുക്ത സര്‍വേക്കായി കേരളത്തിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. കേരളത്തിന്റെ മെല്ലെപ്പോക്കിന് പിന്നാലെയാണ് പുതിയ അതിര്‍ത്തി നിര്‍ണയത്തിന് കര്‍ണാടകം തയാറായത്. പുഴയില്‍ പാറനാമം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് റവന്യൂ സംഘം വീണ്ടും സ്ഥലത്തെത്തിയത്.�