കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ വിദ്യാർഥിയെ അടിച്ചുവീഴ്ത്തി വീട്ടിൽ മോഷണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂരിൽനിന്നുള്ള ഫോറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയും അന്വേഷണം നടക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കോയിലോട് ജുമാമസ്ജിദിന് സമീപത്തെ ഷമീദിന്റെ വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്.
വീട്ടുകാർ വീടുപൂട്ടി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഷമീദിന്റെ മകൻ വിദ്യാർഥിയായ ഫഹദ് സ്കൂളിൽനിന്നും വീട്ടിലെത്തിയപ്പോൾ അകത്തുണ്ടായിരുന്ന മോഷ്ടാവ് അടിച്ചു വീഴ്ത്തുകയായിരുന്നു. കുട്ടിയുടെ കൈക്ക് സാരമായി പരിക്കേറ്റു. മുറിയിൽ ഉണ്ടായിരുന്ന അലമാരകളും മേശയും തകർത്ത് വസ്ത്രങ്ങളും മറ്റും വാരി വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. കറുത്ത പാന്റും ഷർട്ടും കൈയുറയും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
സമീപത്തെ ഏതാനും സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ഹരിക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.�