ഇരിട്ടി: പുലിയും കടുവയും കാട്ടുപന്നികളും കാട്ടാനകളും മലയിറങ്ങുന്നതോടെ മലയോരത്തെ ജനജീവിതം ഭീതിയിൽ. കഴിഞ്ഞദിവസം കാക്കയങ്ങാടിലെ കൃഷിയിടത്തിൽ കാട്ടുപന്നി കുരുക്കാൻ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനാതിർത്തിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് പുലി കുടുങ്ങിയത്. മാസങ്ങൾക്ക് മുമ്പാണ് കേളകം പഞ്ചായത്തിലെ കരിയം കാപ്പിൽ വട്ടമിട്ടിരുന്ന കടുവ ദിവസങ്ങളോളം ഒരു നാടിന്റെ സമാധാനം കെടുത്തിയത്. ഒടുവിൽ മയക്കുവെടിയിൽ ചത്തൊടുങ്ങുകയായിരുന്നു.
മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ്, പാലപ്പുഴ, കൂടലാട്, പായം പഞ്ചായത്തിലെ പേരട്ട, തൊട്ടിപ്പാലം, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, കാലാങ്കി, അയ്യങ്കുന്നിലെ ഈന്തുംകരി എന്നിവിടങ്ങളിൽ കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഒടുവിലത്തെ സംഭവമായിരുന്നു വ്യാഴാഴ്ച പായം കാരിയാൽ ഉണ്ടായ കാട്ടാനയിറങ്ങിയത്.
ഉളിക്കലിൽ കാട്ടാനയിറങ്ങി ജോസിന്റെയും പെരിങ്കരിയിൽ ജസ്റ്റിന്റെ ജീവൻ കവർന്നതും മലയോര ജനതയുടെ മനസ്സിലെ വിങ്ങലാണ്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം, കൊട്ടിയൂർ പഞ്ചായത്തിലെ ജനങ്ങളും കടുവ, പുലിപ്പേടിയിലാണ് കഴിയുന്നത്. പ്രധാന പാതകളിൽ പോലും വന്യജീവികളുടെ വിഹാരമായതോടെ പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണ്.
അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും ആറളം ഫാമിലെ തൊഴിലാളികളും. വന്യജീവിശല്യം രൂക്ഷമായതിനെത്തുടർന്ന് നൂറുകണക്കിന് പുനരധിവാസ കൂടുംബങ്ങൾ പാലായനം ചെയ്തിട്ടുണ്ട്. ആറളം ഫാമിലെ കൃഷിയിടങ്ങൾ വന മാതൃകയിലാവാനും ഇത് കാരണമായി. വനാതിർത്തികളിൽ ആനമതിൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല.