
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ ഏറെ പ്രതീക്ഷയർപ്പിച്ച് ജില്ല. 2023ൽ ജില്ലക്ക് സർക്കാർ കാര്യമായ പരിഗണന നൽകിയിരുന്നു. എന്നാൽ, 2024ൽ അത്രയൊന്നും നൽകിയിരുന്നില്ല. ഇത്തവണ ആ സ്ഥിതിക്ക് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണി സഫാരി പാർക്ക്, മ്യൂസിയം, മലബാർ കാൻസർ സെന്ററിന് 28 കോടി, ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിന് ഒരുകോടി, അഴീക്കൽ തുറമുഖ വികസനത്ത് നാലുകോടി, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് 30.92 കോടി തുടങ്ങിയവയായിരുന്നു കഴിഞ്ഞ ബജറ്റിൽ ജില്ലക്ക് പ്രധാനമായി അനുവദിച്ചിരുന്നത്.
ഇതിൽ നാടുകാണി അനിമൽ സഫാരി പാർക്ക് പദ്ധതി എങ്ങുമെത്തിയില്ല. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസിന്റെ നിർമാണം കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തിൽ ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനം നടന്നുവരുന്നുണ്ട്.
അഴീക്കോട് തുറമുഖ വികസനവും കോടിയേരി മലബാർ കാൻസർ സെൻറർ വികസനവും ഏറെ വേഗതയോടെയാണ് നടക്കുന്നത്. പുതിയ ബജറ്റിലും ഈ രണ്ട് സ്ഥാപനങ്ങളും ഏറെ പ്രതീക്ഷ പുലർത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ബജറ്റിലൂടെ കണ്ണൂരിനെ ഒപ്പം ചേർത്തുനിർത്തുമെന്നാണ് ജില്ലയുടെ പ്രതീക്ഷ.
പ്രതീക്ഷയോടെ പേരാവൂർ; ആനമതിൽ നിർമിക്കാൻ തുക വകയിരുത്തണമെന്ന് ആവശ്യം
പേരാവൂർ: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് പേരാവൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ. വന്യജീവി ആക്രമണങ്ങളും മരണങ്ങളും ഏറെയുണ്ടായിട്ടുള്ള പേരാവൂർ നിയോജക മണ്ഡലത്തിൽ കാട്ടാനകൾ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണം തടയാൻ ആറളം, കൊട്ടിയൂർ വനാതിർത്തികളിൽ അവശേഷിച്ച ഭാഗങ്ങളിലും ആനമതിൽ നിർമിക്കണമെന്നതാണ് പ്രധാനം.
ആറളം വന്യജീവി സങ്കേതത്തിന്റെ ചീങ്കണ്ണി പുഴയോരത്ത് നിലവിൽ 12 കി.മീറ്റർ ആന മതിലുണ്ട്. അവശേഷിച്ച ഭാഗമായ കൊട്ടിയൂർ-പാൽചുരം വനാതിർത്തിയിലും ആന മതിൽ വേണമെന്നതാണ് പ്രധാന ആവശ്യം. മണ്ഡലത്തിലെ പ്രധാന റോഡുകളുടെ വികസനത്തിനും ബജറ്റിൽ ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയുണ്ട്.
പേരാവൂർ, ഇരിട്ടി അഗ്നിരക്ഷനിലയങ്ങൾക്ക് കെട്ടിട നിർമാണവും പേരാവൂരിന്റെ ദീർഘകാലത്തെ ആവശ്യമാണ്. കൂടാതെ മലയോര ടൂറിസം പദ്ധതികളുടെ വികസനവും പ്രതീക്ഷയാണ്.
സംസ്ഥാനത്തെ ആദ്യ സഫാരി പാർക്ക്; പ്രഖ്യാപനം ജലരേഖയായി
തളിപ്പറമ്പ്: ചപ്പാരപ്പടവ് നാടുകാണിയിലെ പ്ലാന്റേഷൻ കോർപറേഷൻ വക എസ്റ്റേറ്റ് ഏറ്റെടുത്ത് സംസ്ഥാനത്തെ ആദ്യത്തെ സഫാരി പാർക്ക് യാഥാർഥ്യമാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചുവെങ്കിലും പ്രവർത്തനമൊന്നും ഇതുവരെ കാര്യമായി തുടങ്ങിയില്ല. അടുത്ത സാമ്പത്തിക വർഷം പാർക്കിന്റെ പ്രാഥമിക ജോലി ആരംഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
എന്നാൽ, പ്ലാന്റേഷൻ കോർപറേഷന്റെ അധീനതയിലുള്ള ഭൂമിയിലെ സ്ഥലത്തിന്റെയും മരം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടേയും വാല്യൂവേഷൻ എടുക്കാൻ ആദ്യശ്രമം നടന്നെങ്കിലും ഇത് ഉദ്ദേശിച്ച വേഗതയിൽ ലക്ഷ്യം കണ്ടില്ല. അതുകൊണ്ട് തന്നെ ഈ ഭൂമിയിലെ വസ്തുക്കളുടെ കണക്ക് എടുത്ത് സ്ഥലം ടൂറിസം വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണ് അധികൃതർ. കണക്കെടുക്കുന്നതിനായി വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഭൂമി കൈമാറ്റ നടപടി വേഗത്തിലാക്കുന്നതിനായി ഈ മാസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനിടെ പ്ലാന്റേഷൻ തൊഴിലാളികളുടെ പ്രതിഷേധവും എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.
മൃഗശാല, മ്യൂസിയം, ജൈവ പാർക്ക് എന്നിവ ചേർന്നതായിരിക്കും സഫാരി പാർക്ക്. പൊതു, സഹകരണ, സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭമായാണ് സഫാരി പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചത്. 300 ഏക്കറിലാണ് മൃഗശാലയും സഫാരി പാർക്കും.
കാവുമ്പായി മ്യൂസിയം യാഥാർഥ്യമായില്ല
ശ്രീകണ്ഠപുരം: ബജറ്റിൽ തുക അനുവദിച്ചിട്ടും കാവുമ്പായി സമര മ്യൂസിയം യാഥാർഥ്യമായില്ല. കർഷക സമര പോരാട്ടത്തിന്റെ ചരിത്രം പറയാൻ കാവുമ്പായിയിലെ സമരക്കുന്നിൽ മ്യൂസിയം നിർമിക്കുമെന്ന സർക്കാർ പ്രഖ്യാപനമാണ് യാഥാർഥ്യമാകാതെ പോയത്. 2020ലെ ബജറ്റിൽ ഇതിനായി സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഫണ്ട് ലഭ്യമാക്കാത്തത് നിർമാണത്തിന് തിരിച്ചടിയായി. കാവുമ്പായി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമരക്കുന്നിൽ ചരിത്ര മ്യൂസിയം ഒരുക്കാനായിരുന്നു ധാരണ. മ്യൂസിയത്തിനായി 12 സെന്റ് ഭൂമിയാണ് സമരക്കുന്നിൽ നീക്കിവെച്ചത്.�