
കണ്ണൂർ: ‘റെയിൽവേയിൽ ജോലി ചെയ്യുന്ന ഗംഗന്റെ വീട് ഏതാ എന്നാണ് അയാൾ ചോദിച്ചത്. എനിക്കറിയില്ല എന്ന് മറുപടി കൊടുത്തു. എന്റെ പിന്നാലെ വന്ന് വീണ്ടും വീണ്ടും ഇത് തന്നെ ചോദിച്ചു. എന്തിനാ എന്നോട് തന്നെ ചോദിക്കുന്നത് നിനക്ക് വേറെ ആണുങ്ങളോട് ചോദിച്ചുകൂടെ എന്ന് ഞാൻ പറഞ്ഞു. അതിനിടെ അയാൾ മാല പൊട്ടിച്ചു. ഓൻ കണ്ണുമിഴിക്കുന്നത് എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്… പേടിച്ചിട്ട് ഇന്നലെ ഉറക്കം വന്നില്ല. വീട്ടിലെ കുട്ടികൾ വരെ പേടിച്ചുപോയി’ -മാധ്യമപ്രവർത്തകരോട് ഇത് പറയുമ്പോഴും പന്നേൻപാറയിലെ കാർത്ത്യായനിയുടെ ഭീതി വിട്ടുമാറിയിട്ടില്ല. പള്ളിക്കുന്ന് പന്നേൻപാറക്കടുത്ത് ഫുൾഡിറോഡിൽ ഇന്നലെ പട്ടാപ്പകലാണ് സ്കൂട്ടറിലെത്തിയ കള്ളൻ ഇവരെ മാല പൊട്ടിച്ചെടുത്തത്.
സംഭവത്തിൽ നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം (41)നെ ടൗൺ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. കാർത്ത്യായനിയുടെ കഴുത്തിലുണ്ടായിരുന്ന മുക്കുമാലയാണ് ഇയാൾ കവർന്നത്. കണ്ണൂരിൽ നിന്നും പള്ളിക്കുന്നിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു കാർത്ത്യായനി. ഇവരെ സ്കൂട്ടർ യാത്രക്കാരനായ പ്രതി പിന്തുടർന്നാണ് മാലപൊട്ടിച്ചത്. വീഴ്ചയിൽ മുട്ടിന് പരിക്കേറ്റ കാർത്ത്യായനിയെ സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനുരൂപ്, ഷൈജു, നാസർ, റമീസ്, മിഥുൻ, സനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.