
തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി