
കേളകം (കണ്ണൂർ): കാട്ടാനക്കലിയിൽ ദമ്പതികളുടെ ജീവൻ പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കൾ തേടിയിറങ്ങിയപ്പോൾ. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) യും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ, നേരം ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
13ാം ബ്ലോക്ക് കരിക്കിൻമുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമാണ് ദാരുണസംഭവം. ചവിട്ടിയരച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നത്. മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച് ഉണങ്ങിയ നിലയിലായിരുന്നു.
വെള്ളിയുടെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം. കശുവണ്ടി ശേഖരിച്ച് വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയിൽ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് നിന്നിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആറളം ഫാമിൽ ഏതാനും വർഷങ്ങൾക്കിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.
സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് അംഗം വി. ശോഭ, വാർഡ് മെംബർ മിനി എന്നിവർ സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കാനും മൃതദേഹം മാറ്റാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്.എച്ച്.ഒ ആൻഡ്രിക് ഗ്രോമികിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അനുനയനീക്കം നടത്തുകയും സണ്ണി ജോസഫ് എം.എൽ.എ വനംമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുൻകരുതൽ എടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു. െകാല്ലപ്പെട്ട ദമ്പതികളുടെ മക്കൾ: ലക്ഷ്മി, ശ്രീധരൻ, വേണു, ചാലി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രി, നാരായണി, മിനി.�
കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം: ഇന്ന് ഹർത്താൽ
ആറളം: കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. ആറളം പഞ്ചായത്തിൽ തിങ്കളാഴ്ച യു.ഡി.എഫും ബി.ജെ.പിയും ഹർത്താൽ പ്രഖ്യാപിച്ചു.
അതിനിടെ, സംഭവത്തെ തുടര്‍ന്ന് നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേരുന്നത്.
മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി 10 ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നൽകുമെന്നും അധികൃതർ അറിയിച്ചു.�