ഇരിട്ടി: പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഭാര്യയും അർബുദ രോഗിയായ ഭർത്താവും തുടർ ചികിത്സക്കായി ഉദാരമതികളുടെ കനിവുതേടുന്നു. ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി. ബാബു രാജനും ഭാര്യ രേഖയുമാണ് ദുരിതജീവിതം നയിക്കുന്നത്. ഇരിട്ടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബാബുരാജന്റെ തുച്ഛ വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഒറ്റമുറി വാടക വീട്ടിൽ കഴിഞ്ഞിരുന്നത്.
ഇതിനിടെയാണ് രണ്ട് വർഷം മുൻപ് ബാബുവിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ഏപ്രിൽ മാസം ഇദ്ദേഹത്തിന്റെ ഭാര്യ രേഖ പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രിയിലെ മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഇവരുടെ ജീവൻ വീണ്ടെടുത്തത്. ഇതിനായി നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഭീമമായ സംഖ്യ ഇതിനകം ചികിത്സക്കായി ചെലവഴിച്ചു. അസുഖം പൂർണമായും ഭേദപ്പെടാനുള്ള തുടർചികിത്സക്കായി വിദഗ്ദ ചികിത്സയും പരിചരണവും ഇവർക്കാവശ്യമുണ്ട് ഇതിനായി ഭീമമായ തുക ഇനിയും ആവശ്യമായി വന്നിരിക്കുകയാണ്. വിദ്യാർഥികളായ മക്കളുടെ തുടർപഠനവും വഴിമുട്ടിയിരിക്കുകയാണ്. രോഗം കൂടുതലായതോടെ ജോലിക്ക് പോവാനും പറ്റാത്ത സാഹചര്യമാണ് ബാബുരാജനുള്ളത്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവിക്കുന്ന ഈ കുടുംബത്തിന് കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. സഹായം സ്വീകരിക്കുന്നതിനായി യൂനിയൻ ബാങ്ക് ഇരിട്ടി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 616002010005722. ഐ.എഫ്.എസ്.സി കോഡ്: UBlN0561606.