കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നൽകും. അതിക്രമത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് റിയ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ നിലത്തുവീണ റിയ നാരായണന്‍റെ തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചും വസ്ത്രം വലിച്ചുകീറിയുമായിരുന്നു പൊലീസിന്റെ ക്രൂരത.
മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് റിയ നിലത്തുവീണത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പുരുഷ പൊലീസ് മുടി ചവിട്ടിപ്പിടിച്ചതെന്ന് റിയ പറഞ്ഞു. പിന്നാലെ വനിത പൊലീസ് വസ്ത്രം വലിച്ചുകീറി. മറ്റ് വനിത പ്രവർത്തകരുടെ ഷാൾ അണിയിച്ചാണ് ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്.
വഴിമധ്യേ പുതിയ വസ്ത്രം വാങ്ങി ധരിച്ച ശേഷമാണ് ടൗൺ പൊലീസിനു മുമ്പിൽ ഹാജരായത്. പൊലീസുമായുള്ള ഉന്തുംതള്ളിലും പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുമായുള്ള ഉന്തും തള്ളിലും ലാത്തിച്ചാർജിലും വനിത പ്രവർത്തകർ ഉൾപ്പെടെ അഞ്ചു പേർക്കാണ് പരിക്കേറ്റത്.