തലശ്ശേരി: പൈതൃക നഗരിയായ തലശ്ശേരിയിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണെന്നും തലശ്ശേരി കോടതി മുതൽ സീവ്യൂ പാർക്ക് വരെ ക്ലിഫ് വാക് നിർമാണത്തിനും ജവഹർഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഡി.ടി.പി.സി എരഞ്ഞോളി പഞ്ചായത്തിൽ പൂർത്തിയാക്കിയ പുഴയോര സൗന്ദര്യ വത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. 99.9 ലക്ഷം രൂപ ചിലവിലാണ് എരഞ്ഞോളിയിൽ പുഴയോര സൗന്ദര്യവത്കരണം നടത്തിയത്. ജില്ല കലക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായി.
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തകുമാർ, സ്ഥിരംസമിതി അധ്യക്ഷ കെ.ഡി. മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജു, സ്ഥിരം സമിതി അധ്യക്ഷ ആർ.എൽ. സംഗീത, അംഗം സുശീൽ ചന്ദ്രോത്ത്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ് എന്നിവർ സംസാരിച്ചു.