കണ്ണൂർ: മരുന്ന് മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ചുമര് തുരന്ന് പണം കവർന്ന കേസിലെ പ്രതികളുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. കണ്ണൂർ ഫോർട്ട് റോഡ് പ്ലാറ്റിനം സെന്ററിലെ ദി കാനനൂർ ഡ്രഗ് സെന്ററിലെ എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റി ചുമര് തുരന്ന് അകത്തുകയറിയ സംഘം 1,84,000 രൂപയാണ് കവർന്നത്. പ്രതികളിലൊരാൾ തമിഴ് സംസാരിക്കുന്നതും കൂട്ടാളി ഹിന്ദി സംസാരിക്കുന്നതിന്റെയും ഓഡിയോ ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 60ന് മുകളിൽ പ്രായം തോന്നുന്നവരാണ് ഇരുവരും. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇവരെ തിരിച്ചറിയുന്നവർ 9497987203, 9497980894 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ജനുവരി 16ന് രാത്രി എട്ടു മണിയോടെയാണ് മോഷണം നടന്നത്. തിരക്കുള്ള സമയത്ത്, ചുറ്റും വ്യാപാര സ്ഥാപനങ്ങൾ തുറന്നിരിക്കെ കവർച്ച നടത്തിയത് പ്രഫഷനൽ സംഘമാണെന്ന് കരുതുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം. കടയിൽ നിന്ന് ഉളിയും സ്ക്രൂഡ്രൈവറും കണ്ടെടുത്തിയിരുന്നു. സ്ഥാപനത്തിന്റെ ഓഫിസിലെ മേശവലിപ്പ് തകർത്താണ് പണം കവർന്നത്. സ്ഥാപനത്തിന്റെ മുൻവശത്ത് മാത്രമേ സി.സി.ടി.വി ഉണ്ടായിരുന്നുള്ളൂ. ഇതിൽ പതിഞ്ഞ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് കരുതുന്നത്.