മാഹി: ചാലക്കര എക്സൽ സ്കൂളിന് സമീപത്തെ ബൈത്തുൽ സഫ് വാനാസിലെ സഫ്വാനക്ക് സ്കൂളിൽ പോകാൻ ഏറെ ആഗ്രഹമുണ്ടെങ്കിലും പരിമിതികളാൽ വീർപ്പുമുട്ടുകയാണ്. ജനിതക വൈകല്യമുള്ള സഫ്വാനക്ക് എപ്പോഴും കൂട്ട് വീൽചെയറാണ്. ചുരുക്കത്തിൽ സഫ്വാനയുടെ കൈകാലുകൾ ഉമ്മയും ഉപ്പയുമാണെന്ന് തന്നെ പറയാം.
സ്കൂളിൽ പോകാൻ അതിയായ മോഹമുണ്ടെങ്കിലും വീട്ടുമുറ്റത്ത് വാഹനമെത്താത്തതിനാൽ സ്കൂളെന്ന സ്വപ്നം പലപ്പോഴും മരീചികയാവുകയാണ്. വീടുമുറ്റത്തുവരെ റോഡുണ്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ് കയറ്റമുള്ളതായതിനാൽ 200 മീറ്റർ ദൂരത്തിൽ വരെ മാത്രമേ വാഹനം വരൂ.
സഫ്വാനയുടെ ഉമ്മക്ക് മകളെ ചുമന്ന് റോഡുവരെ കൊണ്ടുപോകാൻ കഴിയില്ല. സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാനായ പിതാവ് സലീം ഉണ്ടെങ്കിൽ മാത്രമേ സഫ്വാനക്ക് സ്കൂളിൽ പോകാൻ സാധിക്കൂ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടെ പലപ്പോഴും മകളെ സ്കൂൾ വാഹനത്തിലേക്ക് എത്തിക്കുന്നതിന് കടയിൽനിന്ന് വരാൻ സാധിക്കാത്തതിനാൽ മകളുടെ പഠനമെന്ന സ്വപ്നവും മുടങ്ങുന്നു. 15ഓളം കുടുംബങ്ങൾ റോഡിന്റെ ഗുണഭോക്താക്കളായുണ്ട്. ഇതിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളും പ്രായമായവരുമുണ്ട്. ആശുപത്രിയിൽ പോകാൻ റോഡുണ്ടായിട്ടും വീട്ടുമുറ്റത്ത് വാഹനമെത്താത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണിവർ.
കുണ്ടും കുഴികളുമടച്ച് ടാർ ചെയ്തു കിട്ടിയിരുന്നെങ്കിൽ സഫ്വാനയുടെ പഠനത്തിനും നാട്ടുകാരുടെ ബുദ്ധിമുട്ടിനും പരിഹാരമാവും. റോഡ് താർ ചെയ്തുതരണമെന്നാവശ്യപ്പെട്ട് റീജനൽ അഡ്മിനിസ്ട്രേറ്റർ, പി.ഡബ്ല്യു.ഡി എൻജിനീയർമാർ എന്നിവർക്ക് സാമൂഹിക പ്രവർത്തകൻ റുവൈസ് നിവേദനം നൽകിയിട്ടുണ്ട്. രമേശ് പറമ്പത്ത് എം.എൽ.എ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കുകയാണ് സഫ്വാന.