ചക്കരക്കല്ല്: ജില്ലയിൽ വേനൽ ചൂട് കൂടുന്നതോടെ തീപടരാനുള്ള സാഹചര്യവും കൂടുതലാണ്. ധർമടം മണ്ഡലത്തിനകത്ത് തീപിടുത്തം ഉണ്ടായാൽ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലുള്ള ഫയർസ്റ്റേഷനിൽ അഗ്നിരക്ഷാസേന എത്തണം. എന്നാൽ രണ്ടരവർഷങ്ങൾക്ക്
മുമ്പ് മുഴപ്പാലയിലെ ബംഗ്ലാവ്മെട്ടക്ക് സമീപം ആഭ്യന്തരവകുപ്പിന് കീഴിലുള്ള നാലര ഏക്കർ സ്ഥലത്ത് ഫയർസ്റ്റേഷൻ നിർമിക്കാൻ നടപടി ആരംഭിച്ചിരുന്നു. പക്ഷേ, തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ഡംപിങ് യാർഡാണ് നിലവിൽ ഈ സ്ഥലം.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂനിറ്റ് അപകടസ്ഥലങ്ങളിൽ എത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട്, പനയത്താംപറമ്പ് മത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വേനലിൽ തീപിടിത്തം ഉണ്ടാവാറുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫയർസ്റ്റേഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്ന ആശങ്കയിലാണ് എല്ലാവരും.