മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായി മുദ്രകുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ. മലബാറിലെ മതസൗഹാർദത്തിന്റെയും സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മാഹിയിലെ സ്ത്രീകൾക്കെതിരെയും പൊതുസമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പി.സി. ജോർജിന്റെ പ്രസ്താവനയെ മാഹിയിൽ ചേർന്ന അസോസിയേഷൻ യോഗം അപലപിച്ചു.
പ്രസ്തുത വിഷയത്തിൽ പി.സി. ജോർജിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു. വിൻസന്റ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ജോസ് ബാസിൽ ഡിക്രൂസ്, ഷാജു കാനത്തിൽ, മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി ഡിസിൽവ, പോൾ ഷിബു തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ പാർട്ടി പ്രാദേശിക ഘടകം ജോർജിനെ തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി ജോർജും രംഗത്തുവന്നിരുന്നു. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.
ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ‘ജോർജ് ബി.ജെ.പിയുടെ വക്താവല്ല. സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്നും പ്രസ്താവനയിൽ പറഞ്ഞു.