കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ നാടാകെ സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും ഇടംപിടിച്ചു. പരിസ്ഥിതി സൗഹൃദമാക്കി തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ പ്രചാരണ സാമഗ്രികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി.വി.സി ഫ്ലക്സുകളും പ്ലാസ്റ്റിക് തോരണങ്ങളും പടിക്കുപുറത്താണ്. ഹരിത പെരുമാറ്റചട്ടം പാലിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് തെരഞ്ഞെടുപ്പ് കമീഷനും ജില്ല ഭരണകൂടവും. ഇതിന്റെ ഭാഗമായി നിരോധിത ഫ്ലക്സ് ബോർഡുകൾക്കെതിരെയും നിയമപരമായ നിർദേശങ്ങൾ പാലിക്കാത്തതിനെതിരെയും ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പണി തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഒരുലക്ഷം രൂപയിലേറെ പിഴ ചുമത്തി. ജില്ലയിൽ 12 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഏഴോം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഫ്ലക്സിൽ ബാനർ തയാറാക്കിയതിന് പഴയങ്ങാടിയിലെ റീജന്റ് ടവറിലെ ലാപിസ് അഡ്വെർടൈസിങ് ഏജൻസിക്ക് 10, 000 രൂപ കഴിഞ്ഞദിവസം പിഴ ചുമത്തി. സ്ഥാപനത്തിന്റെ പ്രിന്റിങ് യൂനിറ്റിൽ സൂക്ഷിച്ച മൂന്ന് റോൾ നിരോധിത ഫ്ലക്സ് സ്ക്വാഡ് പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ചയും തളിപ്പറമ്പ് മേഖലയിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തിരുന്നു. പയ്യന്നൂരിൽനിന്ന് നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ പ്രിന്റ് ചെയ്ത ബാനറും പിടിച്ചെടുത്ത് 10,000 പിഴ ചുമത്തിയിരുന്നു.
പോളിയെത്തലിൻ ഫ്ലക്സുകൾ
നിരോധിത ഉല്പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കുന്ന സാക്ഷ്യപത്രമുള്ള ഉല്പന്നങ്ങള് മാത്രമേ പ്രിന്റിങ്ങിനായി ഉപയോഗിക്കാവു. പരസ്യ ബോർഡുകൾ, സൂചകങ്ങൾ തുടങ്ങിയവ പൂർണമായും കോട്ടൺ, പേപ്പർ, പോളിയെത്തലിൻ എന്നിവയിൽ മാത്രമേ നിർമിക്കാൻ പാടുള്ളൂ. പി.വി.സി ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. കൊറിയൻ ക്ലോത്ത് നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ ആവരണമോ ഉള്ള പുന:ചക്രമണ സാധ്യതയില്ലാത്ത എല്ലാതരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.
തെർമോകോൾ അക്ഷരങ്ങൾക്കും പിഴ
തെരഞ്ഞെടുപ്പ് പ്രചാരത്തിനായോ പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിർമിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്. തെര്‍മോകോള്‍ നിരോധിത ഉല്പന്നമായതിനാല് സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10,000 രൂപ പിഴ ചുമത്താമെന്ന് ജില്ല ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
ഫ്ലക്സിൽ വേണം
സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന മെറ്റീരിയൽ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ്, റീസൈക്കിൾ ലോഗോ.