ശ്രീകണ്ഠപുരം: മലബാർ കുടിയേറ്റക്കാലത്ത് ചെമ്പേരിയിൽ എത്തിപ്പെടാനായി കർഷകർ ശ്രമദാനമായി നിർമിച്ച കൂട്ടുംമുഖം -ചുണ്ടക്കുന്ന് -ചെമ്പേരി റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ഏരുവേശ്ശി പഞ്ചായത്തിലെ ആദ്യത്തെ പി.ഡബ്ല്യു.ഡി റോഡുകളിലൊന്നാണിത്. ഒരു കാലത്ത് 10 ബസുകൾ സർവിസ് നടത്തിയിരുന്ന റോഡിൽ ഇപ്പോൾ രണ്ട് ബസുകളുടെ രണ്ട് ട്രിപ്പുകൾ മാത്രമാണുള്ളത്.
ശ്രീകണ്ഠപുരം -പയ്യാവൂർ റൂട്ടിലെ കൂട്ടുംമുഖത്ത് നിന്നാരംഭിക്കുന്ന റോഡ് കാവുമ്പായി -ചുണ്ടക്കുന്ന് വഴിയാണ് ചെമ്പേരിയിലേക്ക് പോകുന്നത്. ചുണ്ടക്കുന്ന് ഭാഗത്തുള്ള കുത്തനയുള്ള കയറ്റമാണ് വാഹനങ്ങൾ ഈ റോഡിനെ കൈയൊഴിയാൻ കാരണം.
മാത്രമല്ല, ചെമ്പേരിയിലേക്ക് ചുണ്ടപ്പറമ്പ് -ഏരുവേശ്ശി വഴിയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തി വികസിപ്പിച്ചതോടെ ബസുകൾക്ക് കൂടുതൽ യാത്രക്കാരെ കിട്ടുന്ന പാതയായി മാറി. ഇതോടെ ചുണ്ടക്കുന്ന് വഴിയുള്ള ബസുകളുടെ എണ്ണം കുറയാൻ തുടങ്ങി. ശ്രീകണ്ഠപുരത്ത് നിന്ന് ചേപ്പറമ്പ് വഴി ചെമ്പേരിയിലേക്കുള്ള റോഡും മെക്കാഡം ടാറിങ് നടത്തിയതോടെ ചുണ്ടക്കുന്ന് റോഡിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു.
ഏറെ നാളായി മേഖലയിലെ ജനങ്ങൾ യാത്രാദുരിതം നേരിടുകയാണ്. ബസ് രണ്ട് ട്രിപ്പ് മാത്രം ഓടുന്നതുകൊണ്ട് മറ്റുള്ള സമയങ്ങളിൽ ഇവിടെ നിന്ന് ടൗണുകളിലേക്ക് പോകേണ്ട നാട്ടുകാർക്കും വിദ്യാർഥികൾക്കും ഓട്ടോകളും ടാക്സികളും മാത്രമാണ് ആശ്രയം.
കയറ്റം കുറക്കാനുള്ള പദ്ധതി നടപ്പായില്ല
1995 ൽ കെ.സി. ജോസഫ് എം.എൽ.എയായിരുന്ന കാലത്ത് ചുണ്ടക്കുന്ന് ഭാഗത്തെ കയറ്റം കുറക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് ശിലാസ്ഥാപനം നടത്തിയിരുന്നു. എന്നാൽ, പദ്ധതി പ്രാവർത്തികമായില്ല. വർഷങ്ങളോളം ചർച്ച ചെയ്യപ്പെട്ട പദ്ധതി പിന്നീട് നടന്നില്ല.
റോഡിനോടുള്ള അവഗണന അവസാനിപ്പിച്ച് നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇത്തവണത്തെ ബജറ്റിൽ ഇരിക്കൂർ മണ്ഡലത്തിലെ ടോക്കൺ പദ്ധതികളിൽ ശ്രീകണ്ഠപുരം -കൂട്ടുംമുഖം -ചുണ്ടപ്പറമ്പ് -ചെമ്പേരി റോഡ് നവീകരണമുണ്ടെങ്കിലും എന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.