
പരിപ്പ്തോട് മേഖലയിൽ കാട്ടാനകൾ മരം മറിച്ചിട്ട് തകർത്ത സോളാർ വേലി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ
നേതൃത്വത്തിൽ ശരിയാക്കുന്നു
കേളകം: ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്ന 5.2 കിലോമീറ്റർ ദൂരം സോളാർ തൂക്കുവേലി നിർമാണം തുടങ്ങി. അനെർട്ടിന്റെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാർ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ല പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ ദൂരം നടത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തി 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാം ഘട്ടത്തിൽ തുടർച്ചയായിതന്നെ നടപ്പാക്കും. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വേലി വരുന്ന സ്ഥലത്ത് ആറ് മീറ്റർ വീതിയിൽ അടിക്കാട് തെളിക്കൽ, 20 അടി ഉയരത്തിൽ വൃക്ഷത്തലപ്പുകൾ മുറിച്ചുമാറ്റൽ, തൂക്കുവേലി തൂണുകൾക്കുള്ള കുഴികൾ അടയാളപ്പെടുത്തൽ എന്നീ പണികളാണ് ആരംഭിച്ചത്. ഫെബ്രുവരി 23ന് വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് സോളാർ തൂക്കുവേലി നിർമാണം നടത്തുന്നത്. 10 കീലോമീറ്റർ ആനമതിൽ നിർമിക്കേണ്ടതിൽ ഏപ്രിൽ 30നകം ആറ് കിലോമീറ്റർ മാത്രമേ പൂർത്തീകരിക്കൂവെന്ന സാഹചര്യത്തിലാണ് ബാക്കി ദൂരം സോളാർ തൂക്കുവേലി നിർമിക്കുന്നത്. നാച്വറൽ ഫെൻസിനാണ് സോളാർ തൂക്കുവേലിയുടെ കരാർ.