കണ്ണൂർ: പാവന്നൂർമൊട്ടയിൽ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. അഭിനവ് (21), നിവേദ് (21), ജോബിൻ ജിത്ത് (16) എന്നിവരാണ് ചീരാച്ചേരി ഇരുവാപ്പുഴയിൽ വീണ് മരിച്ചത്.
പുഴക്കരയിൽനിന്ന വിദ്യാർഥികൾ കരയിടിഞ്ഞ് ഒഴുക്കുള്ള വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തിരക്ഷപ്പെട്ടു. ആകാശ് സമീപത്തെ കള്ളുചെത്ത് തൊഴിലാളിയെ വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്. നാട്ടുകാരെത്തി മൂന്നുപേരെയും രക്ഷപ്പെടുത്തി മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മീൻ പിടിക്കാനാണ് ഇവർ പുഴക്കരയിലെത്തിയത്. നിവേദിന്റെ പിതൃസഹോദര പുത്രനാണ് ജോബിൻ ജിത്ത്.
പാവന്നൂർമൊട്ട പുതിയപുരയിൽ എ.വി. സത്യന്റെയും പ്രിയയുടെയും മകനായ നിവേദ് സി.എം.എ വിദ്യാർഥിയാണ്. സഹോദരി: വൈഗ. പുതിയപുരയിൽ സജിത്തിന്റെയും രമ്യയുടെയും മകനാണ് ജോബിൻ ജിത്ത്. എസ്.എസ്.എൽ.സിക്കുശേഷം പ്ലസ് വണ്ണിന് ചേരാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരൻ: അനയ്. പാവന്നൂർ കടവിലെ കീർത്തനത്തിൽ പി.പി. ബാലകൃഷ്ണന്റെയും ബിന്ദുവിന്റെയും മകനാണ് അഭിനവ്. മട്ടന്നൂർ പോളിടെക്നിക്കിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ഇന്റേൺഷിപ് ചെയ്യുകയാണ്. സഹോദരി: കീർത്തന (വിദ്യാർഥിനി, ശ്രീശങ്കരാചാര്യ കണ്ണൂർ).
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.