കണ്ണൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി കബളിപ്പിക്കൽ തുടരുന്നു. ടെലഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനായി പണം നിക്ഷേപിച്ചയാൾക്ക് 1.72 ലക്ഷം രൂപ നഷ്ടപ്പെട്ടു. വിവിധ ടാസ്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിക്കുകയും ഈ പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ നൽകാതെ ചതിക്കുകയുമായിരുന്നു.
മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ ഹൗസ്ഹോൾഡ് ഐറ്റംസ് വാങ്ങുന്നതിനുള്ള പരസ്യം കണ്ടു സാധനം വാങ്ങുന്നതിനായി പണമയക്കാൻ നൽകിയ ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയ പരാതിക്കാരന് 35,000 രൂപ നഷ്ടമായി.
പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നു പറഞ്ഞു വിളിക്കുകയും കാർഡിന്റെ പരിധി കൂട്ടിത്തരാമെന്ന് പറഞ്ഞ് ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ കൈക്കലാക്കിയാണ് പണം തട്ടിയത്. ഓൺലൈൻ ടാസ്ക്, പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 66.72 ലക്ഷം രൂപ നഷ്ടമായിരുന്നു.
വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.
കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ പരാതിക്കാർക്ക് 47.61 ലക്ഷം, 16.82 ലക്ഷം, 1.23ലക്ഷം, 99,500, 7,200 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
അജ്ഞാത നമ്പറിൽനിന്ന് വരുന്ന ഫോൺവിളികളിൽ ആപ് ഇൻസ്റ്റാൾ ചെയ്യാനോ ലിങ്കിൽ കയറാനോ ആവശ്യപ്പെട്ടാൽ നിരസിക്കണം. ഓൺലൈനിലെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകരുത്. ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതിപ്പെടാം.
അടുത്തുള്ള പൊലീസ് സ്റ്റേഷനിലും സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെടുന്നതാണ് ഉത്തമം.