തലശ്ശേരി: ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 29 ലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ച ശേഷമാണ് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് വിധി 29ലേക്ക് മാറ്റിയത്. 14 എൻ.ഡി.എഫ് പ്രവർത്തകരാണ് കേസിൽ പ്രതികൾ.
2005 മാർച്ച് 10ന് രാവിലെ 10.45ന് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽവെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലൽ കോളജിൽ അധ്യാപകനായിരുന്നു അശ്വിനികുമാർ.
ക്രൈംബ്രാഞ്ച് ഓഫിസർമാരായ പി.കെ. മധുസൂദനൻ, കെ. സലീം, എം. ദാമോദരൻ, ഡി. സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
2009 ജൂലൈ 31ന് കുറ്റപത്രം നൽകി. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി മുൻ ജില്ല ഗവ. പ്ലീഡർ അഡ്വ. ബി.പി. ശശീന്ദ്രനാണ് ഹാജരാവുന്നത്.