Sun. Apr 20th, 2025

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്ന് എം.വി. ജയരാജന്‍

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്ന് എം.വി. ജയരാജന്‍

കണ്ണൂർ: പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീന്‍ബാബു ​കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ രണ്ടുപക്ഷമുണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. നവീൻ കൈക്കൂലി വാങ്ങിയെന്ന് ഒരുപക്ഷവും അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളല്ല അദ്ദേഹമെന്ന് മറുപക്ഷവും പറയുന്നു. അതിനാലാണ് സർക്കാർവിശദമായ അന്വേഷണം നടത്തുന്നതെന്നും പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘ദിവ്യയെയോ നവീന്‍റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണ്?’ -അദ്ദേഹം പറഞ്ഞു.

അതിനി​ടെ, താൻ നവീന്‍റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്‍റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ പി.പി. ദിവ്യ ഇന്നലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പറഞ്ഞു. ‘ഞാൻ ആ കുടുംബത്തിന്‍റെ കൂടെ തന്നെയാണ്. കാരണം, അവരുടെ ആവശ്യം എന്താണോ അതുതന്നെയാണ് എന്‍റെയും ആവശ്യം. ഈ കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന് എന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യും. ഏത് രീതിയിൽ സഹകരിക്കണമെങ്കിലും സഹകരിക്കും. നിയമപോരാട്ടത്തിലാണ് ഞാൻ ഉള്ളത്. നവീന്‍റെ കുടുംബത്തോടൊപ്പമാണ് ഞാനുള്ളത്. ആ കുടുംബം ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണം. തീവ്രവാദികളെ കൊണ്ടുപോകുന്ന പോലെ ലൈവാണ് മാധ്യമങ്ങൾ നൽകിയത്. വലിയ കൊലയാളിയെ കൊണ്ടുപോകുന്ന പോലെയാണ് എന്നെ കൊണ്ടുപോയത്. ഒരായിരം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ എന്നെ സംബന്ധിച്ച് ഉണ്ടായി. എനിക്ക് ഒരു സത്യമുണ്ട് എന്നുള്ളത് കൊണ്ടാണ് അതെല്ലാം അതിജീവിച്ച് ഞാൻ നിൽക്കുന്നത്. എന്നെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുമ്പിലാണ് എന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത്. സാധാരണ പാർട്ടി പ്രവർത്തകയായി എന്‍റെ പാർട്ടിയോടൊപ്പം നിന്ന് മുന്നോട്ടുപോകും’ -ദിവ്യ പറഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!