മട്ടന്നൂര്‍: സോഫ നിര്‍മാണ ഫാക്ടറിയിലെ മാലിന്യങ്ങള്‍ പരിസരത്ത് കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥാപനയുടമക്ക് പിഴ ചുമത്തി.
സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് വ്യവസായ എസ്റ്റേറ്റിലെ പോപ്പുലര്‍ സോഫ നിര്‍മാണ യൂനിറ്റിനെതിരെ നടപടിയെടുത്തത്.
സോഫ നിർമാണ യൂനിറ്റിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ കെട്ടിടത്തിനു പിറകുവശത്തായി കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങള്‍ ജീർണിച്ച നിലയിലായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, റെക്സിന്, ഫോം അവശിഷ്ടങ്ങള്‍ തുടങ്ങിയവ കെട്ടിടത്തിന്റെ പിറകുവശത്ത് കൂട്ടിയിട്ട നിലയിലും മലിനജലം കെട്ടിക്കിടക്കുന്ന നിലയിലും ആരോഗ്യത്തിന് ഭീഷണിയായ നിലയില്‍ കണ്ടെത്തി.
സ്ഥാപനത്തിന് 5,000 രൂപ പിഴ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്തിന് നിർദേശം നല്കി. പരിശോധനയില്‍ ഇ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ടീമിനൊപ്പം തില്ലങ്കേരി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കെ. വിനോദും പരിശോധനയില്‍ പങ്കെടുത്തു.