തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡി.എം.ഒയുടെ നിർദേശ പ്രകാരം ജില്ല ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി.
കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചു. ഹെൽത്ത് കാർഡ് ഇല്ലാതെ ജീവനക്കാർ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചു. കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇ- കോളിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തി വരുകയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ സംഘവും ജില്ല ആരോഗ്യ വകുപ്പിനോടൊപ്പം ചേർന്ന് പരിശോധന നടത്തുന്നുണ്ട്.
നിലവിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും. നഗരസഭയിൽനിന്ന് അകലെയുള്ള ചെറുതാഴം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കേസുകൾ കുറവുമാണ്.
മഞ്ഞപ്പിത്തം ബാധിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളാണ്. നഗരങ്ങളിൽനിന്ന് ശീതള പാനീയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും കുട്ടികൾക്ക് മഞ്ഞപ്പിത്ത ബോധവത്കരണ പരിപാടികളും വൃത്തിയുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു.
ഡി.എം.ഒ ഡോ. എം. പീയുഷ് നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ജില്ല സർവേലൻസ് ഓഫിസർ ഡോ. സച്ചിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡിൽ ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ടി. സുധീഷ്, ജില്ല എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, രോഹിത് എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദിൽന, ഭാവന എന്നിവരും പങ്കെടുത്തു.