മട്ടന്നൂര്‍ (കണ്ണൂർ): സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കണ്ണൂരിൽ ഹജ്ജ് ഹൗസിനായി കണ്ടെത്തിയ ഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മട്ടന്നൂരില്‍ കിന്‍ഫ്രയുടെ ഭൂമിയിലാണ് ഹജ്ജ് ഹൗസ് നിർമിക്കുക. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ധാരാളം തീര്‍ഥാടകര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോകും. അവര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉംറ തീര്‍ഥാടകര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളില്‍ മറ്റ് ചടങ്ങുകള്‍ക്ക് വാടകക്ക് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.�