പയ്യന്നൂർ: നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ദേശീയ പാതയുടെ നിർമാണം പുരോഗമിക്കുമ്പോൾ ഒരു ഗ്രാമം അനുഭവിക്കുന്ന ദുരിതം വിവരണാതീതം. ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം ഗ്രാമമാണ് ദുരിതത്തീയിൽ ഉരുകുന്നത്.
പാത നിർമാണത്തിനെത്തിയ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പാണ് നാടിന്റെ ശാപമായി മാറിയത്. ചെറുതാഴത്തിന്റെ സാംസ്കാരിക കേന്ദ്രമായ കുളപ്പുറം ഗ്രാമം ഇന്ന് ദുർഗന്ധപൂരിതം. മാലിന്യ സംസ്കരണത്തിന് നടപടിയില്ലാത്തതാണ് നാടിന്റെ ദുരിതമാവുന്നത്. മലിനജല ടാങ്ക് തുറന്ന നിലയിലാണ്. ഇതിൽനിന്നുള്ള ദുർഗന്ധം അസഹ്യമാണെന്ന് നാട്ടുകാർ പറയുന്നു. കൊതുകുവളർത്തു കേന്ദ്രങ്ങളായി ടാങ്കുകൾ മാറുന്നു. കൊതുകുശല്യം മൂലം വീടുകളിൽ താമസിക്കാൻ സാധിക്കാത്ത നിലയിലാണ്. പകർച്ചവ്യാധി ഭീതിയും വ്യാപകം.
പ്രദേശം മുഴുവൻ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും പതിവാണ്. പാതകളിൽ ഉൾപ്പടെ മലിനജലമൊഴുക്കുന്നതും മറ്റൊരു ദുരിതമാവുന്നു. കോൺക്രീറ്റിനും മറ്റുമുള്ള വെള്ളം കണ്ടെത്തുന്നത് ക്യാമ്പിനു സമീപത്തെ കുഴൽക്കിണറുകളിൽ നിന്നാണെന്നും ഇത് വരാനിരിക്കുന്ന ജലക്ഷാമത്തിന് കാരണമാവുമെന്നും സമീപവാസികൾ പറഞ്ഞു.
മുമ്പ് മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി കരാർ എടുത്ത കമ്പനിയിലേക്ക് നാട്ടുകാർ മാർച്ച് ഉൾപ്പടെ നടത്തിയിരുന്നു. പ്രശ്നപരിഹാരമെന്ന നിലയിൽ മാലിന്യ സംസ്കരണം ഉറപ്പുനൽകിയെങ്കിലും പിന്നീട് ഇത് ലംഘിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ശുചിത്വ കേരളം കാമ്പയിനുമായി നാടുനീളെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ഗ്രാമ പഞ്ചായത്ത് കുളപ്പുറത്തിന്റെ ദു:ഖം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.