തളിപ്പറമ്പ്: ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് ധർമശാല- ചെറുകുന്ന് തറ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റഴ്സ് വെൽഫെയർ അസോസിയേഷൻ നേതാക്കളും സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ധർമശാലയിൽ യൂനിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമിക്കണമെന്ന് പ്രവൃത്തി ആരംഭത്തിൽതന്നെ ആവശ്യമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തുകയും ബസുടമകളുടെ സംഘടന നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, നിലവിൽ പണിതീരുന്ന അടിപ്പാത വഴി ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനാകൂ. കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമാണ്. ഇത് സാമ്പത്തിക നഷ്ടവും ട്രിപ്പ് സമയം പാലിക്കാനാകാത്ത സാഹചര്യവുമാണുണ്ടാക്കുന്നത്.
ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനുവരി മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. വിജയൻ, പ്രശാന്ത് പട്ടുവം, പി.വി. പത്മനാഭൻ, കെ.വി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.