തലശ്ശേരി: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും മത്സരിച്ച് വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ തലശ്ശേരിയിൽ നടക്കും.
തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തിൽ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള ബധിര-കായിക കൗൺസിലാണ് കായികമേളക്ക് നേതൃത്വം നൽകുന്നത്. ഇത് സർക്കാർ അംഗീകാരമുള്ള സംഘടനയാണെങ്കിലും ആറുവർഷമായി മേള നടത്താനുള്ള ഫണ്ട് അനുവദിക്കാത്തത് സാമ്പത്തികമായി കൗൺസിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ കടമ്പ മറികടക്കാൻ സ്വന്തമായി ഫണ്ട് സമാഹരിച്ചു വരികയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ. അഷ്റഫും ചെയർമാൻ അഡ്വ. പുരുഷോത്തമനും പറഞ്ഞു. സ്വാഗത സംഘം സെക്രട്ടറി എം. എൻ. അബ്ദുൽ റഷീദ്, ട്രഷറർ എ.കെ. ബിജോയ്, വൈസ് പ്രസിഡന്റ് പി.പി. സനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.