ആലക്കോട്: വിദ്യാർഥികളുമായി സ്കൂളിലേക്ക് വരുകയായിരുന്ന ജീപ്പ് അപകടത്തിൽപെട്ട് 13 കുട്ടികള്‍ക്ക് പരിക്കേറ്റു. രയരോം പൊടിക്കാനത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡരികിലെ പാറക്കല്ലിലും സമീപത്തെ മരത്തിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. രയരോം സെന്റ് സെബാസ്റ്റ്യന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി വരുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. 17 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി. ആരുടെയും പരിക്ക് സാരമുള്ളതല്ല. സ്ഥിരമായി ഈ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഇടക്കുവെച്ച് മറ്റൊരു ഡ്രൈവർക്ക് വണ്ടി കൈമാറിയിരുന്നു. ഇയാള്‍ക്ക് റോഡ് പരിചയമില്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു. മരത്തിലിടിച്ചതിന്റെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു.