
വാഴമലയിൽ തീ പടർന്നപ്പോൾ
പാനൂർ: വാഴമലയിൽ വൻ തീപിടിത്തത്തിലുണ്ടായ നശിച്ചത് 15 ഏക്കർ വനഭൂമി. സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമി ഉൾപ്പെടെ 15 ഏക്കറോളം വനഭൂമിയാണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറ്റത്താങ്കൽ അലക്സാണ്ടർ, പൊയിലൂർ ചമതക്കാട് മെടേമ്മൽ കൊറുമ്പൻ എന്നിവരുടെ വാഴ, തെങ്ങ്, ഇഞ്ചിയുൾപ്പെടെയുള്ള കൃഷിയിടം തീയിൽ കത്തിയമർന്നു.
വാഴമല വിമാന പാറയുടെ താഴ് വരയിലാണ് സംഭവം. പാനൂരിൽ നിന്നും അഗ്നി രക്ഷാസേന രാത്രി തന്നെ എത്തിയെങ്കിലും വാഹനം പോകാൻ സാധിക്കാത്ത ഇടമായതിനാൽ തിരിച്ചു പോവുകയായിരുന്നു. കൊളവല്ലൂർ പൊലീസും, വാഴമല, നരിക്കോടുമല വാസികളും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തി. തീയുടെ തീവ്രത കുറഞ്ഞതോടെ ഞായറാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫയർ ബ്രേക്കർ സ്ഥാപിച്ച് തീ മറ്റിടങ്ങളിലെക്ക് പടരാതിരിക്കാനുള്ള സംവിധാനമൊരുക്കി. ആന ഇറങ്ങുന്ന സ്ഥലത്ത് തീപിടിച്ചതോടെ ആനകൾ ഓടിയകലുന്നത് കണ്ടുവെന്നും പരിസരവാസികൾ പറഞ്ഞു.