
കേളകം: പഞ്ചായത്ത് 12 ാം വാർഡ് വഴിക്കുടിമലയിലെ 20 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ.
കഴിഞ്ഞ 22 ദിവസത്തിലധികം പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പട്ടതാണ് കാരണം. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് വാർഡ് മെംബറോടും ജല അതോറിറ്റി ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞുവെങ്കിലും നടപടിയായില്ല.
ഇതിനിടയിൽ കുടി വെള്ളം വരുന്ന പൈപ്പ് ബ്ലോക്ക് ആണെന്ന് പറഞ്ഞ് വലിയ കുഴി കുഴിച്ച് പോയ ജല അതോറിറ്റിക്കാരെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വേനൽ ശക്തമായതോടെ പ്രദേശത്ത് നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം ഇല്ലാതെ കഴിയുകയാണ്. സമീപ വീടുകളിലെ കിണറുകളിൽ നിന്നുമാണ് നിലവിൽ വെള്ളമെടുക്കുന്നത്. എന്നാൽ, പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന പെരുന്താനത്തെ ജല അതോറിറ്റിയുടെ കുളത്തിൽ വെള്ളമില്ലാത്ത അവസ്ഥയാണ് നിലവിൽ. അശാസ്ത്രീയമായി നിർമാണം നടത്തിയത് കാരണമാണ് കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതെന്നും വഴിക്കുടി മലയിൽ കുടിവെള്ളം അടിയന്തര പ്രാധാന്യത്തോടെ എത്തിച്ചില്ലെങ്കിൽ ജല അതോറിറ്റിയുടെ ഓഫിസിന് മുന്നിൽ സമരം നടത്തുമെന്നും പ്രദേശവാസികൾ പറഞ്ഞു.