
തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് സ്ഥാനചലനം. എസ്.ഐമാരായ ടി.കെ. അഖിൽ, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. മണോളിക്കാവ് സംഭവത്തിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇവർ. ‘‘പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്, ഭരിക്കുന്ന പാർട്ടിയോട് കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’’ എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം പ്രവർത്തകർ പൊലീസിന് നേരെ ഭീഷണി മുഴക്കിയത്.ഭീഷണി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ അന്വർഥമായി.
അഖിലിനെ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലേക്കും ദീപ്തിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കൊളവല്ലൂർ സ്‌റ്റേഷനിലെ പി.വി. പ്രശോഭ്, കണ്ണൂർ ടൗൺ സ്റ്റേഷനിലെ പി.പി. ഷമീൽ എന്നിവരെ തലശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. സി.പി.എം പ്രവർത്തകർക്കെതിരെ നടപടിയെടുത്തതിനാണ് ടി.കെ. അഖിലിനെയും വി.വി. ദീപ്തിയെയും സി.പി.എം നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായി സ്ഥലം മാറ്റിയതെന്നാണ് വിവരം.
മണോളിക്കാവ് സംഭവത്തിൽ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതും സംഭവത്തിലുൾപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തതും. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സി.പി.എം നേതാക്കൾ നിർബന്ധം പിടിച്ചിരുന്നു. എസ്.ഐമാരുടെ പൊതു സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അഖിലിനെയും ദീപ്തിയെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ഇവർ ഉൾപ്പെടെ ഏഴുപേർക്കാണ് ജില്ലയിൽ സ്ഥലംമാറ്റം ഉണ്ടായത്. ന്യൂമാഹി സ്റ്റേഷനിലെ പി.ജെ. ജിമ്മിയെ മയ്യിൽ സ്റ്റേഷനിലേക്കും മയ്യിൽ സ്‌റ്റേഷനിലെ പ്രശോഭിനെ ന്യൂമാഹിയിലേക്കും മാറ്റി നിയമിച്ചു.സൈബർ സ്‌റ്റേഷനിലെ സജേഷ് സി. ജോസിനെ ചക്കരക്കൽ സ്റ്റേഷനിലേക്കും മാറ്റി.
സി.പി.എം നേതാക്കളുടെ അപ്രീതിയാണ് എസ്.ഐമാർക്ക് വിനയായത്. ഫെബ്രുവരി 20ന് പുലർച്ചെയാണ് ആക്രമണ സംഭവങ്ങളുണ്ടായത്. ക്ഷേത്രത്തിൽ സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ എസ്.ഐ ടി.കെ. അഖിലിനെ യൂനിഫോമിന്റെ കോളറിന് പിടിച്ചുവലിച്ച് ആക്രമിച്ച കേസിൽ പിടിയിലായ സി.പി.എം പ്രവർത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച സംഭവത്തോടെ കൂടുതൽ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.�