
പിടിയിലായ മുബഷീർ, കോമള, അബ്ദുൽ ഹക്കിം
ഇരിട്ടി (കണ്ണൂർ): വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.