
കണ്ണൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശിയും പയ്യന്നൂർ കോളജിലെ ഹിന്ദി ഒന്നാം വർഷ വിദ്യാർഥിയുമായ അർജുനാണ് മർദനമേറ്റത്.
അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആദിഷ്, വിശാൽ, നമിശ്, ആദിത്ത്, അഭിനന്ദ്, അഭയ് എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഹോളി ആഘോഷിക്കുന്നതിനിടെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചുവെന്നാണ് പറയുന്നത്. ആഘോഷത്തിനിടെ സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിൽ വാക്കേറ്റമുണ്ടായതിനു പിന്നാലെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.