
കുടിവെള്ളം തലച്ചുമടായി വീട്ടിലെത്തിക്കുന്ന ആറളം ഫാമിലെ കോട്ടപ്പാറ മേഖലയിലുള്ള ആദിവാസി സ്ത്രീകൾ
കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.
പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്. സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.
ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്.
കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.�