
കണ്ണൂർ: കരിയർ തേടിയെത്തിയവർക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം എജുകഫെക്ക് കണ്ണൂരിൽ തുടക്കം. കോഴ്സുകളും പഠന സാധ്യതകളും വിശകലനം ചെയ്ത മേളയുടെ ആദ്യ ദിനം ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ വിശാലമായ പന്തലിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമം ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ് അധ്യക്ഷത വഹിച്ചു. റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ സംസാരിച്ചു. നായനാർ അക്കാദമിയിൽ ശീതീകരിച്ച വിശാലമായ പന്തലിൽ ഒരുക്കിയ പ്രദർശന നഗരി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു വിദ്യാർഥികൾക്ക് സമർപ്പിച്ചു.
ആദ്യദിവസം വിവിധ സെഷനുകളിലായി എഴുത്തുകാരിയും ബികമിങ് വെൽനസ് ഫൗണ്ടറുമായ അശ്വതി ശ്രീകാന്ത്, സൈലം ലേണിങ് ഡയറക്ടർ ലിജീഷ് കുമാർ, ഡബ്ല്യു.എച്ച്.ഒ ഇന്ത്യ സർവേലിയൻസ് മെഡിക്കൽ ഓഫിസർ ഡോ. ഷിംന അസീസ്, എ.സി.സി.എ മെംബർ മിഷാൽ ഹംസ, ബി.ബി.സി അവാർഡ് ജേതാവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ വി.എം. സാദിഖ് അലി, സൈബർ ലോ സ്പെഷലിസ്റ്റ് ജിയാസ് ജമാൽ, നടനും അവതാരകനുമായ രാജ് കലേഷ് എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളുടെ അനുഭവങ്ങളുമായി ടോപ്പേഴ്സ് ടോക്കും അരങ്ങേറി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി.
അഭിരുചിക്കനുസരിച്ചുള്ള കരിയറിന് ഉറച്ച തീരുമാനങ്ങൾ വേണം -കലക്ടർ
ജീവിതത്തിൽ ആവശ്യം വരുമ്പോൾ മനസ്സിനുറച്ച തീരുമാനങ്ങൾ എടുക്കാനാവണമെന്ന് ജില്ല കലക്ടർ അരുൺ കെ. വിജയൻ. മാധ്യമം എജുകഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കാൻ ശ്രമിക്കണം.
അതിനുവേണ്ടി മനസ്സിനുറച്ച തീരുമാനങ്ങളെടുക്കാൻ കഴിയണം. പഴയ കാല വിദ്യാഭ്യാസ രീതികളിൽനിന്ന് വ്യത്യസ്തമായ പുതിയ കാലത്ത് തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണമാണ്. എന്നാൽ, വിദ്യാഭ്യാസ തൊഴിൽ നൂതന സാങ്കേതികവിദ്യകളുടെ വഴികൾ പുതുതലമുറക്ക് മുന്നിൽ തുറക്കുമ്പോൾ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയത് അഭിനന്ദനാർഹമാണ്.

മാധ്യമം എജുകഫെ ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം കണ്ണൂർ ബ്യൂറോ ചീഫ് എം.സി. നിഹ്മത്ത്, റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ്, ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ്, സൈലം അക്കാദമിക് മാനേജർ മുഹമ്മദ് ജാബിർ എന്നിവർ സമീപം
ഏത് രംഗത്ത് നില്ക്കുന്നു എന്നതിലല്ല, മറിച്ച് പാഷന് അനുസരിച്ചുള്ളതായിരിക്കണം എന്നുള്ളതാണ് കാര്യം. പലപ്പോഴും നമ്മളെടുക്കുന്ന തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞതിന് ശേഷമാണ് തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാവുന്നത്. പരിശ്രമിക്കുമ്പോൾ പരാജയപ്പെടും. അവിടെ നിന്ന് തിരിച്ചുവരുക എന്നുള്ളതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. എൻജിനീയറിൽ നിന്ന് മൂന്നാമത്തെ പരിശ്രമത്തിലൂടെ സിവിൽ സർവിസിലെത്തിയ ജീവിതാനുഭവവും കലക്ടർ പങ്കുവെച്ചു.
ആവേശമായി രാജ് കലേഷ്

എജുകഫേ വേദിയിൽ സദസിനെ കൈയിലെടുത്ത് നടനും അവതാരകനുമായ രാജ് കലേഷ്. കണ്ണൂരിനെ കുറിച്ചുള്ള കഥകൾ പങ്കുവെച്ചും തമാശകൾ പറഞ്ഞും മാജിക് കാണിച്ചും നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങി. സദസ്സിനെ ഒപ്പം കൂട്ടി കലേഷ് നയിച്ച ചോദ്യോത്തര പരിപാടിയും ഗെയിമുകളും ആവേശമായി. സമ്മാനം ലഭിച്ചതോടെ വിജയികളും ഹാപ്പി.
ടോപ്പാണ് ഇവരുടെ ടോക്ക്
വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർഥികൾ വെള്ളിയാഴ്ച മാധ്യമം എജുകഫെ ടോപ്പേഴ്സ് ടോക്കിൽ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ നിറഞ്ഞ സദസ്സ് കേട്ടിരുന്നു. കുഞ്ഞു കവയിത്രി അലീസ ശിഹാബ്, ചിത്രകാരി അക്ഷയ ഷമീർ, ആപ് ഡെവലപ്പർ പി.എം. ഫയാസ്, കുഞ്ഞുഗായകൻ മുഹമ്മദ് സിദ്നാൻ താജ്, സി.എ ഫൗണ്ടേഷൻ നാഷനൽ ടോപ്പർ വിപിൻദാസ് എന്നിവരുടെ വാക്കുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ലഹരി വില്ലനാകുന്ന വാർത്തകൾ വായിച്ചാണ് കവിതയെഴുതാൻ തുടങ്ങിയതെന്നും സമൂഹത്തിന് ഇല്ലാതാക്കുന്ന മഹാവിപത്തിനെ തുടച്ചുനീക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അലീഷ പറഞ്ഞു.
ചിത്രം വരക്കുകയെന്ന പാഷൻ മൈക്രോ ബയോളജി ബിരുദ പഠനത്തിനൊപ്പം ഒന്നിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അക്ഷയ പറഞ്ഞത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സങ്കീര്‍ണമായ കാര്യങ്ങൾ എളുപ്പമാക്കുന്നതിനെ കുറിച്ചും എ.ഐ സൈബർ ലിങ്ക് ചെയ്ത ടെക്നോളജി യൂനിവേഴ്സ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഫയാസ് പങ്കുവെച്ചു.
എല്ലാ വ്യക്തികളുടെ ഉള്ളിലുമുള്ള ടാലന്റ് സ്വയം കണ്ടുപിടിച്ച് കൂടെ കൊണ്ടുപോകണമെന്നും അതിനായി ശ്രമിക്കണമെന്ന് പാട്ടുപാടി ആളുകളെ കൈയിലെടുത്തു കൊണ്ട് സിദ്നാൻ പറഞ്ഞു.
ബയോളജി സയൻസ് എടുത്താൽ ഏത് മേഖലയിലേക്കും പോകാമെന്ന ചിന്താഗതി മാറണമെന്നും സ്വന്തം അഭിരുചിക്കനുസരിച്ചുള്ളതാവണം നമ്മുടെ തെരഞ്ഞെടുപ്പുകളെന്നും കഷ്ടപ്പെട്ട് പഠിക്കുന്നതിന് പകരം ഇഷ്ടപ്പെട്ട് പഠിക്കണമെന്നും വിപിൻദാസ് പറഞ്ഞത് ഏവരും കേട്ടിരുന്നു.
ഇന്ന് സമാപിക്കും
രണ്ടാം ദിവസമായ ശനിയാഴ്ച വിദഗ്ധരുമായി സക്സസ് ചാറ്റ് സംവാദം നടക്കും. ഗവേഷകയും സംവിധായികയുമായ സൂര്യജ മോഹൻ, ജൂഡോ അക്കാദമി കോച്ചും ഫെഡറൽ ചാമ്പ്യൻഷിപ് താരവുമായ അഭിഷിക്ത, മിസ്റ്റർ വേൾഡും അന്തര്‍ദേശീയ ബോഡി ബില്‍ഡിങ് താരവുമായ ഷിനു ചൊവ്വ, പൈലറ്റും കോഴിക്കോട് എയറോവിസ് ഏവിയേഷൻ ഇൻസ്ട്രക്ടറുമായ പി. മുഹമ്മദ് ശബാബ്, കർഷകയും സംസ്ഥാന യുവ കർഷക അവാർഡ് ജേതാവുമായ ശ്രീവിദ്യ കൃഷ്ണൻ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കും.
വിവിധ സെഷനുകളിൽ സംരംഭകയും എഴുത്തുകാരിയുമായ സഹ് ല പ്രവീൺ, സൈലം ഫൗണ്ടർ ഡോ. അനന്തു, ബ്രിഡ്ജിയോൺ ഫൗണ്ടർ ജാബിർ ഇസ്മായിൽ, മോട്ടിവേഷൻ സ്പീക്കറും സൈലം പി.എസ്.സി ഹെഡുമായ മൻസൂറലി കാപ്പുങ്ങൽ, സിജി കരിയർ കൗൺസിലർ കെ.സി. മജീദ്, സൈക്കോളജിസ്റ്റുമാരായ ഷിബിലി സുഹാന, ഡോ. ഹർഷ, യുനീക് വേൾഡ് റോബോട്ടിക്സ് കൺട്രി ഹെഡ് അനു കാർത്തിക് എന്നിവർ സംസാരിക്കും.