
കണ്ണൂർ: സംസ്ഥാന സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നതിൽ വിവാദം. മുഴപ്പിലങ്ങാട്-ധർമടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നത്. നോട്ടീസിൽ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്നും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് തന്റെ പേരിലുള്ള അനാവശ്യ വിവാദമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
മുന്‍ ജനപ്രതിനിധിയെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ക്ഷണമില്ലെങ്കിലും മുന്‍ എം.പിമാര്‍ പങ്കെടുക്കാറുണ്ടെന്നും സംഘാടകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വേദിയില്‍ ഇരുന്നതെന്നും രാഗേഷ് പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാൻ അധികാരമുണ്ടെന്ന കെ.കെ. രാഗേഷിന്റെ നിലപാട് അൽപത്തമാണെന്നും സർക്കാർ പരിപാടികളിൽ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാർക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തിൽ പാർട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ല അധ്യക്ഷൻ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.