തലശ്ശേരി: കേരളത്തിന്റെ പുരോഗതിക്കെതിരായ സമീപനമാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ബഹിഷ്കരിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ തെറ്റായ നയങ്ങളെ എതിർക്കാൻ കേരളത്തിലെ യു.ഡി.എഫ് തയാറല്ല.
കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നു. കേരളത്തോട് പക പോക്കൽ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രത്തിന് എത്ര വേണമെങ്കിലും കടമെടുക്കാം. എന്നാൽ കേരളത്തിന് കടമെടുക്കുന്നതിന് പരിധി നിശ്ചയിക്കുന്നു. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
കേരളം ഒരു പ്രത്യേക തുരുത്തായാണ് നില നിൽക്കുന്നത്. ഇടതു പക്ഷം നേതൃത്വം നൽകുന്ന ഒരു സർക്കാർ മാത്രമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. തീവ്ര വലതുപക്ഷ നിലപാടുകൾ നടപ്പാക്കാൻ ഇടതു സർക്കാറിന് സാധിക്കില്ല. 2025 ജനുവരിയോടെ കേരളത്തിൽ അതിദരിദ്രമായ ജനവിഭാഗം ഇല്ലാതാകും. തന്റെ ജീവിതമാകെ പാർട്ടിക്ക് വേണ്ടി സമർപ്പിച്ച കമ്യൂണിസ്റ്റുകാരനാണ് കോടിയേരി.
പാർട്ടിക്ക് നേരെ അക്രമമുണ്ടായപ്പോഴെല്ലാം പ്രതിരോധം തീർക്കാൻ കോടിയേരി മുന്നിൽ ഉണ്ടായിരുന്നു. മർദനോപകരണം എന്ന നിലയിൽനിന്നും പൊലീസിനെ ജനോപകാരപ്രദമായ സംവിധാനമാക്കി മാറ്റിയത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോഴാണ്. തലശ്ശേരി കലാപം ഉണ്ടായപ്പോൾ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മുന്നിൽ കോടിയേരി ഉണ്ടായിരുന്നു. രോഗം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് അതിനെ നേരിട്ട് സമൂഹത്തിന് മാതൃകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എം.എൽ.എ, പി. ജയരാജൻ, എം. സുരേന്ദ്രൻ, എൻ. ചന്ദ്രൻ, പി. ശശി, സി.കെ. രമേശൻ, എം.സി. പവിത്രൻ, വി.കെ. സനോജ്, പി. ഹരീന്ദ്രൻ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുത്തു. കാരായി രാജൻ സ്വാഗതം പറഞ്ഞു.