ശ്രീകണ്ഠപുരം: പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിന് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്. നടുവിലെ ഡി.വൈ.എഫ്.ഐ നേതാവ് ഹാരിസിനെതിരെയാണ് കുടിയാൻമല പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലെ ലാന്റ്ഫോണില്‍ വിളിച്ച് താന്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും പൊലീസുകാര്‍ക്ക് കാണിച്ചുതരാമെന്നുമാണ് ഭീഷണിമുഴക്കിയത്. എ.എസ്.ഐ സദാനന്ദനാണ് ഫോണ്‍ എടുത്തിരുന്നത്. അദ്ദേഹം മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസെടുക്കാൻ നിർദേശമുണ്ടായത്.
നടുവില്‍ ടൗണില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബാനര്‍ വ്യാഴാഴ്ച പൊലീസ് നീക്കംചെയ്തിരുന്നു. ഗാന്ധിജിയെ കൊന്നതും ആര്.എസ്.എസ്, പള്ളി പൊളിച്ചതും ആര്.എസ്.എസ്, പഴയകാലം ഓര്‍മവേണം എന്ന് രേഖപ്പെടുത്തിയ ബാനറായിരുന്നു നീക്കം ചെയ്തത്. ഇതാണ് ഡി.വൈ.എഫ്.ഐ നേതാവിനെ പ്രകോപിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് ഇത്തരമൊരു ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് നടുവിൽ ടൗണിൽ പരിപാടി നടത്തിയിരുന്നു. ഇതിനെതിരെ ആർ.എസ്.എസ് രംഗത്തുവരുകയും യൂത്ത് കോൺഗ്രസ് -ആർ.എസ്.എസ് സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് പരാതിയിൽ പത്ത് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റും ചെയ്തു.
തുടർ പ്രശ്നങ്ങളൊഴിവാക്കാൻ സംഘടനകളോട് തൽക്കാലം ബോർഡുകൾ സ്ഥാപിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാലാണ് ഡി.വൈ.എഫ്.ഐയുടേതടക്കമുള്ള ബോർഡുകൾ നീക്കിയതെന്നാണ് പൊലീസ് വിശദീകരണം.