മുഴപ്പിലങ്ങാട്: തൊഴിൽ പ്രശ്നത്തെ തുടർന്ന് ദിവസങ്ങളായി ചരക്കുനീക്കം നടത്താൻ കഴിയാതെ സ്തംഭനാവസ്ഥയിലായ മുഴപ്പിലങ്ങാട് എഫ്.സി.ഐയിൽ നിന്നും തിങ്കളാഴ്ച മുതൽ ലോറികളിൽ ചരക്കുകൾ നീക്കിത്തുടങ്ങി.
സ്വകാര്യ മേഖലയിൽ ചരക്കുനീക്കം ആരംഭിച്ചതിൽ പിന്നെ ഏറ്റെടുത്ത കരാറുകാർ പുതുതായി തൊഴിലാളികളെ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ഇവിടെ നിന്നുള്ള ചരക്കുനീക്കവും സ്തംഭിക്കുകയായിരുന്നു. വിവിധ തൊഴിലാളി യൂനിയന് കീഴിലെ തൊഴിലാളികളെ എടുക്കുന്നതിൽ തുല്യപങ്കാളിത്തം കിട്ടിയില്ല എന്ന ചില യൂനിയനുകൾ തമ്മിലെ തർക്കം രൂക്ഷമായി. ഇതോടെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട അരി ഉൾപ്പെടെ ധാന്യങ്ങൾ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി.
തിങ്കളാഴ്ച കലക്ടറേറ്റിൽ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ചരക്കുനീക്കത്തിൽ സ്വകാര്യവത്കരണം വന്നതോടെ ഇവിടെ നിലവിലുള്ള സ്ഥിരം തൊഴിലാളികളെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ എഫ്.സി.ഐ ഗോഡൗണിലേക്ക് മാറ്റിയിരുന്നു. പുതിയ കരാർ ഏജൻസി പുതുതായി എടുത്ത തൊഴിലാളികളിൽ ബി.എം.എസ് യൂനിയനിൽ പെട്ടവർക്ക് പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്നാണ് ചരക്കുനീക്കം പൂർണ്ണമായും നിന്നത്. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ലോറികൾ ഗോഡൗണിലേക്ക് പ്രവേശിച്ചതായി ലോറി ഓണേഴ്സ് അസോസിയേഷനും അറിയിച്ചു.