Sat. Nov 23rd, 2024

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്: പ്രതിഷേധം കനക്കുന്നു

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്: പ്രതിഷേധം കനക്കുന്നു

മാഹി: മാഹിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പ്രതിഷേധം കനക്കുന്നു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞത്.

ഇതിനെതിരെ മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ‘കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോർജ് പറഞ്ഞു.

മാഹിയെയും മാഹിയിലെ സ്ത്രീകളെയും അപമാനിച്ച തികഞ്ഞ സ്ത്രീവിരുദ്ധനായ പി.സി. ജോർജിനെ കേരളീയ സമൂഹം ഭ്രഷ്ട് കൽപ്പിച്ച് നാട് കടത്തണമെന്ന് സാമൂഹികപ്രവർത്തകയും മാഹി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി അഡീഷണൽ ഡ്യൂട്ടി കൗൺസലുമായ അഡ്വ. എൻ.കെ. സജ്ന ആവശ്യപ്പെട്ടു. സ്ത്രീ സമൂഹത്തെ അപമാനിച്ച ജോർജിനെതിരെ അധികൃതർ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യണം. പൊതു പ്രർത്തകർക്കും നാടിനും പാർട്ടിക്കും അപമാനമായ സ്ത്രീവിരുദ്ധനായ പി.സി. ജോർജ് മാഹി ജനതയോട് മാപ്പ് പറയണം. പൊതു സമൂഹത്തിന് ബാധ്യതയായി മാറുന്ന ജോർജിനെ ബി.ജെ.പി ചുമന്ന് നടക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

മാഹിയേയും മാഹിയിലെ സ്ത്രീ സമൂഹത്തെയും അധിക്ഷേപിച്ച പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജ് മാഹിയോടും പൊതുജനങ്ങളോടും മാപ്പ് പറയണണമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽ കുമാർ ആവശ്യപ്പെട്ടു. മാഹിയുടെ സാംസ്കാരിക പൈതൃകവും മതേതര കാഴ്ചപ്പാടും സമാധാന അന്തരീക്ഷവും ജനങ്ങളുടെ ഐക്യവുമെല്ലാം ഒത്തിണങ്ങിയതിന്റെ പാശ്ചാത്തലത്തിലാണ് മാഹി സെൻറ് തെരേസ പള്ളിക്ക് ബസലിക്ക പദവി വത്തിക്കാൻ അനുവദിച്ചതെന്നകാര്യം പി.സി. ജോർജ് മനസ്സിലാക്കണം. മാഹിയിലെ വ്യാപാരസമൂഹം ജോർജിന്റെ വിടുവായത്തത്തിൽ പ്രതിഷേധിക്കുന്നതായും ചെയർമാൻ കെ.കെ. അനിൽ കുമാർ അറിയിച്ചു.

മഹിത പാരമ്പര്യമുള്ള ഒരു നാടിനെയാകെ തെമ്മാടികളുടേയും വേശ്യകളുടേയും വിഹാര കേന്ദ്രമാക്കി ചിത്രീകരിച്ച് പരസ്യമായി പ്രഖ്യാപിച്ച പി.സി. ജോർജിനെതിരെ നിയമ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ തയ്യാറാവണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഇയാളുടെ വഴിവിട്ട വാക്കുകളിൽ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

മഹത്തായ സാംസ്കാരിക പൈതൃകമുള്ള, വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജിന്റെ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത് പറഞ്ഞു.

നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി. ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണം.

സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും, കലാ-സാംസ്കാരിക -സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മയ്യഴിയിലുണ്ട്. മാത്രമല്ല ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകൾ. ഇവയൊക്കെ ചരിത്രത്തിൽ ഒന്ന് കണ്ണോടിച്ചാൽ മാത്രം മനസ്സിലാക്കാൻ പി.സി.ജോർജിന് കഴിയേണ്ടതാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!