ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിനായി ഉന്നതല സംഘം സന്ദർശനം നടത്തി. ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിർമിക്കുന്ന ഇരട്ടതിയറ്ററുകൾക്കായി 7.2 കോടി രൂപയുടെ ഇൻറീരിയൽ പ്രവൃത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ച സാഹചര്യത്തിലാണ് കിഫ് ബി, കെ.എസ്.എഫ്.ഡി.സി, കിഡ്കോ എന്നീ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ടുവർഷത്തോടടുക്കുമ്പോഴും തിയറ്ററിന്റെ ടെൻഡർ പോലും പൂർത്തിയാക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കിഫ്ബി ബോർഡ് യോഗം ചേരാത്തതാണ് തടസ്സം എന്നാണ് പരാതി ഉയർന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കിഫ്ബി ബോർഡ് യോഗം ചേർന്ന് അനുമതി നൽകിയതോടെയാണ് ചലച്ചിത്ര വികസന കോർപറേഷൻ ടെൻഡർ ക്ഷണിച്ചത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇൻറീരിയൽ ക്രമീകരണങ്ങളുമായി 150 സീറ്റുകൾ വീതമുള്ള രണ്ട് തിയറ്ററുകളാണ് പണിയുന്നത്. സാങ്കേതിക തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ നിർമാണം നടക്കും.
കിഫ്ബി പ്രോജക്ട് മാനേജർ അജയ് പ്രസാദ്, ടി. നന്ദു, അമല, ജീസൺ എന്നിവരും, കെ.എസ്.എഫ്.ഡി.സി പ്രോജക്ട് മാനേജർ രതീഷ്, ശ്യാം, കിഡ്ക്കോ ടീം ലീഡർ ഭാമ, അമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള, സെക്രട്ടറി ഷീനകുമാരി പാല, ജൂനിയർ സൂപ്രണ്ട് ജയ്സൺ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ബെന്നി കല്ല്യാടിക്കൽ, ഓവർസിയർ എം.സി. രമ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.