തലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത് രണ്ട് വീടുകളിൽ കവർച്ച. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ തൊട്ടടുത്തുള്ള റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ സുഗതന്റെ വീട്ടിൽ കവർച്ചശ്രമവും നടത്തി. പിന്നാലെ കിഴക്കേ പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചനവയൽ പറമ്പിലെ ഷാജിയുടെ പുത്തൻ ഇരുചക്ര വാഹനവും മോഷ്ടിച്ചു.
വ്യാഴാഴ്ച പുലർച്ചയോടെ പാലയാടുനിന്നും കവർന്ന ബൈക്ക് മണിക്കൂറുകൾക്കുശേഷം എരഞ്ഞോളി കണ്ടിക്കൽ ബൈപാസിനടുത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറേക്കാലമായി മോഷണ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന പാലയാട് ഭാഗത്ത് അർധരാത്രിക്ക് ശേഷമാണ് കള്ളന്മാർ ഇറങ്ങിയത്. മാണിയത്ത് സ്കൂളിനടുത്ത് ആൾതാമസമുള്ള വീട്ടിലാണ് ആദ്യമെത്തിയത്. വീട്ടുകാരനായ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ സതീശനും ഭാര്യ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ജ്യോതിയും മക്കളുമാണിവിടെ താമസം. ദമ്പതികൾ മുകളിലത്തെ നിലയിലും മക്കൾ താഴെയുള്ള കിടപ്പുമുറികളിലുമായിരുന്നു. രാവിലെ ഉറക്കമുണർന്നപ്പോഴാണ് കളവ് നടന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട്പൊട്ടിച്ച് അകത്ത് കയറി അടുക്കളയുടെ ഓടാമ്പൽ തകർത്താണ് അലമാരയിൽ സൂക്ഷിച്ച മൂന്ന് സ്വർണ വളകളും രണ്ട് മോതിരങ്ങളും പഴ്സിൽ സൂക്ഷിച്ച 5000 ത്തോളം രൂപയും കവർന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ധർമടം പൊലീസ് സ്ഥലത്തെത്തി. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു. തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷ കളവ് നടന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ധർമടം എസ്.ഐ ജെ. ഷജീവ്, അഡീഷനൽ എസ്.ഐ. ഹരിഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.