ഇരിട്ടി: ലണ്ടൻ യൂനിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസർച് എക്സലൻസ് സ്കോളർഷിപ് കരസ്ഥമാക്കി ഇരിട്ടി എടത്തൊട്ടി സ്വദേശിനി ഫെമി ബെന്നി.
കീടശാസ്ത്ര, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണത്തിനാണ് സ്കോളർഷിപ് ലഭിച്ചത്. സ്കോളർഷിപ്പിനായുള്ള ആയിരക്കണക്കിന് അപേക്ഷകരിൽനിന്ന് ഓരോവർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ഗവേഷകരെയാണ് തിരഞ്ഞെടുക്കുന്നത്.
കർഷകനായ എഴുത്തുപള്ളിക്കൽ ബെന്നിയുടെയും ഗ്രേസി ബെന്നിയുടെയും മകളാണ്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കോഴിക്കോട് സർവകലാശാല കാമ്പസിൽ നിന്ന് എം.എസ് സി അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം റാങ്കും നേടി.
ഈസമയത്ത് യു.ജി.സി നെറ്റ്, ജെ.ആർ.എഫ്, ഗേറ്റ് തുടങ്ങിയ മത്സരപരീക്ഷകളിലും യോഗ്യത നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയേൺമെൻറിൽ ഗവേഷണം നടത്തി വരികയാണ്.
തദ്ദേശീയ സമൂഹങ്ങളിൽ പ്രത്യേകിച്ച് നാഗാലാൻഡിലെയും മണിപ്പൂരിലെയും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമായ പ്രാണികളെ പറ്റിയുള്ള ഗവേഷണമാണ് നടത്തുന്നത്. സെപ്റ്റംബറില ഗവേഷണം തുടങ്ങുമെന്ന് ഫെമിബെന്നി പറഞ്ഞു.