പയ്യന്നൂർ: വേനൽമഴയിൽ തന്നെ ചളിക്കുളമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമാണ് ചളിക്കുളമായി യാത്രക്കാർക്ക് ദുരിതമാവുന്നത്.
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ മുഴുവൻ മേൽക്കൂരയില്ല. ഇവിടെ നവീകരണത്തിന്റെ ഭാഗമായി കിളച്ചിട്ടതാണ് വിനയായത്. കോൺക്രീറ്റ് ചെയ്ത് ടൈൽ പാകാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഇത് പൂർത്തിയാക്കാത്തതാണ് ദുരിതമായത്. ചളിയിൽ ചവിട്ടിവേണം ട്രൈയിൻ കയറാൻ. കണ്ണൂർ ഭാഗത്തേേക്ക് പോകുന്ന ട്രെയിൻ വരുന്നത് രണ്ടാമത്തെ ട്രാക്കിലൂടെയാണ്. കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ഈ ഭാഗത്തുനിന്ന് വരുന്നവരുമാണ് ചെളിയിൽ കുളിക്കുന്നത്.
മൂന്നാമത്തെ ട്രാക്കിൽ വണ്ടി വന്നാലും ഈ പ്ലാറ്റ്ഫോമിൽനിന്നാണ് കയറേണ്ടത്. പലരും ചെളിയിൽ വീഴുന്നതായും പരാതിയുണ്ട്. മാത്രമല്ല, ഇതു ചവിട്ടി കയറിയാൽ വണ്ടിയുടെ ഉള്ളിലും ചളിമയമാവുന്നു. കാലവർഷം വരുംമുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.